photo

വൈപ്പിൻ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ എല്ലാവിധ അനുബന്ധ സജ്ജീകരണങ്ങളോടെയും ഒരുക്കിയ സൈക്ലോൺ ഷെൽട്ടർ നാലിന് ഉച്ചയ്ക്ക് 12ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

അഞ്ചുകോടി 17 ലക്ഷം രൂപ ചെലവിൽ പള്ളിപ്പുറത്ത് നിർമ്മിച്ച വിവിധോദ്യേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിൽ മുന്നൂറിലേറെപ്പേർക്ക് അഭയം നൽകാൻ സൗകര്യമുണ്ട്. പള്ളിപ്പുറം വില്ലേജിന്റെ അധീനതയിലുള്ള റവന്യൂ ഭൂമിയിൽ മൂന്ന് നില കെട്ടിടത്തിൽ ഓരോ നിലയിലും ഹാൾ, ശുചിമുറി, സിക്ക് റൂം എന്നിവയുണ്ട്. താഴത്തെ നിലയിൽ അടുക്കള, ഇലക്ട്രിക്കൽ റൂം, ജനറേറ്റർ റൂം എന്നിവയും കൂടാതെ മഴവെള്ള സംഭരണിയും കുടിവെള്ള ടാങ്കും നിർമ്മിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് അപകടസാദ്ധ്യതാലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഭയകേന്ദ്രം ഒരുക്കിയത്. കേന്ദ്ര സർക്കാരിന്റെയും ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടേയും ആഭിമുഖ്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ലോക ബാങ്കിന്റെ ധന സഹായത്തോടെയാണ് പദ്ധതിയുടെ നിർവ്വഹണം.