വൈപ്പിൻ: നവീനവും വിപുലവുമായ സജ്ജീകരണങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ നായരമ്പലം ആയുർവ്വേദ ആശുപത്രിയുടെ ഐ. പി മന്ദിരോദ്ഘാടനം നാലിന് വൈകിട്ട് 3.30 ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ദിവസേന മുന്നൂറോളം പേർ ചികിത്സയ്ക്കെത്തുന്ന ആതുരാലയത്തിന്റെ വികസനം മണ്ഡലത്തിലെ മുൻഗണനാ പദ്ധതികളിൽ ഒന്നാണ്. ഫിഷറീസ് വകുപ്പിന്റെ രണ്ട് കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിട്ടിയുടെ മേൽനോട്ടത്തിലാണ് മണ്ഡലത്തിന്റെ ആരോഗ്യക്ഷേമത്തിൽ നാഴികക്കല്ലായ പുതിയ ഐ. പി ബ്ലോക്ക് നിർമ്മിച്ചത്.
10 കിടക്കകൾ ഇടാവുന്ന ജനറൽ വാർഡ്, നാല് പേ വാർഡുകൾ, നഴ്‌സുമാരുടെ മുറി, യോഗ ഏരിയ, റിസർച്ച് റൂം, ലൈബ്രറി ഹാൾ, റാംപ് എന്നിവ ഉൾപ്പെടുന്നതാണ് ഐ. പി ബ്ലോക്കിന്റെ മുകൾ നില. ആശുപത്രിക്കാവശ്യമായ ഫർണിച്ചറുകൾ, മറ്റുപകരണങ്ങൾ, മാലിന്യ നിർമ്മാർജ്ജന യൂണിറ്റ് എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്. ഐ. പി ബ്ലോക്ക് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും നിഷ്‌കർഷിക്കപ്പെട്ട ഗുണനിലവാരം തീരദേശ വികസന കോർപ്പറേഷൻ ഉറപ്പുവരുത്തിയിട്ടുണ്ട്.