 കെ.പി.സി.സി ജംഗ്ഷനിലും ചളിക്കവട്ടത്തും

കൊച്ചി: എറണാകുളം നഗരത്തിൽ ഇ.എസ്.ഐ ഡിസ്‌പെൻസറികൾ രണ്ടി​ടത്ത് പ്രവർത്തി​ക്കും. നോർത്തിലെ ഇ.എസ്.ഐ ആശുപത്രി വളപ്പിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രണ്ട് ഡിസ്‌പെൻസറികളാണ് നഗരത്തിലുള്ളത്. ആദ്യത്തേത്തത് കെ.പി.സിസി ജംഗ്ഷനിലെ കെട്ടിടത്തിലേക്കും രണ്ടാമത്തേത് വൈറ്റില ചളിക്കവട്ടത്തേക്കുമാണ് മാറ്റുക. ഇ.എസ്.ഐ ആശുപത്രി വളപ്പിൽ ഡിസ്‌പെൻസറികൾ പാടില്ലെന്ന കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശത്തേത്തുടർന്നാണ് രണ്ട് ഡിസ്‌പെൻസറികളും മാറുന്നത്.

 കെ.പി.സി.സി ജംഗ്ഷനിൽ വെള്ളിയാഴ്ച മുതൽ
ഒന്നാം നമ്പർ ഡിസ്‌പെൻസറി കെ.പി.സി.സി ജംഗ്ഷനിലുള്ള പഴയ ശുശ്രൂഷ നഴ്‌സിംഗ് ഹോം കെട്ടിടത്തിലേക്കാണ് മാറുന്നത്. നവീകരണ ജോലികൾ പൂർത്തിയാക്കി കെട്ടിടം ഇ.എസ്.ഐ കോർപ്പറേഷന് കൈമാറി. ഈ മാസം അഞ്ചു മുതൽ ഡിസ്‌പെൻസറി പ്രവർത്തിച്ച് തുടങ്ങുമെന്ന് ഇ.എസ്.ഐ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. ഫണ്ട് അനുവദിച്ചാൽ ഉടൻ പഴയ കെട്ടിടത്തിൽ നിന്ന് സാധനങ്ങൾ ഇവിടേക്ക് മാറ്റും.

അലോപ്പതിക്ക് പുറമേ ആയുർവേദം, ഹോമിയോ ചികിത്സകളും ലഭിക്കും. നാല് അലോപ്പതി ഡോക്ടർമാരും ഒരു ആയുർവേദ ഡോക്ടറും ഒരു ഹോമിയോ ഡോക്ടറും ഉൾപ്പെടെ 24 ജീവനക്കാരുമുണ്ടാകും.

 ചളിക്കവട്ടത്ത് ഈമാസം അവസാനം
വൈറ്റിലയിൽ ചളിക്കവട്ടത്തെ സ്വകാര്യ കെട്ടിടത്തിലേക്കാണ് രണ്ടാം നമ്പർ ഇ.എസ്.ഐ ഡിസ്‌പെൻസറി മാറുക. ഇതിന്റെയും നവീകരണ ജോലികൾ പൂർത്തിയായി. അലോപ്പതി ചികിത്സ മാത്രമാകും ഇവിടെയുണ്ടാവുക. നാല് ഡോക്ടർമാർ ഉൾപ്പെടെ 18 ജീവനക്കാരുണ്ടാകും. വൈറ്റില മുതൽ ഇടപ്പള്ളി വരെ മേഖലകളിലെ അംഗങ്ങൾക്ക് എറണാകുളത്തേക്ക് ഇ.എസ്.ഐ സേവനം ലഭ്യമാകും. രണ്ട് ഡിസ്‌പെൻസറികളിലും ഇ.സി.ജി ഉൾപ്പെടെ സംവിധാനങ്ങൾ ഉണ്ടാകും.

ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർക്കാകും രണ്ട് ഡിസ്‌പെൻസറികളുടെയും ചുമതല. രണ്ടിടങ്ങളിലും കിടത്തി ചികിത്സ ഉണ്ടാകില്ല.