കോതമംഗലം: മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ ആൾമാറാട്ടം നടത്തിയ നാല് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം ചൂരക്കോട് പള്ളിക്ക് സമീപം കുന്നുപറമ്പിൽ താമസിക്കുന്ന ഇടുക്കി മന്നംകണ്ടം സ്വദേശി അർഷാദ് (39), അശമന്നൂർ ഏക്കുന്നം മലയക്കുഴി നിഷാദ് (38), വെങ്ങോല തണ്ടേക്കാട് കൊക്കാടി ഇസ്മായിൽ (51), മാറമ്പിള്ളി പള്ളിപ്പുറം നെടിയാൻ അസീസ് (43) എന്നിവരാണ് പിടിയിലായത്. മനുഷ്യാവകാശ കമ്മീഷൻ വൈസ് ചെയർമാനാണെന്ന് പറഞ്ഞ് അർഷാദ് കോതമംഗലം സ്വദേശിനിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. അസീസ് എന്നയാളിൽ നിന്ന് വീട്ടമ്മയുടെ ഭർത്താവ് കടമായി വാങ്ങിയ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.