കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നും വെള്ളം കാനകളിലേക്ക് ഒഴുകിപ്പോകുന്നതു തടസപ്പെട്ടതാണ് വെള്ളക്കെട്ടിനു കാരണമെന്നും ഹൈക്കോടതി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.

എറണാകുളം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് കാനകളിലേക്കു വെള്ളമൊഴുകുന്നതിനുള്ള തടസം നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശക്തമായ മഴ തുടരുന്നതിൽ ആശങ്കയുണ്ടെന്ന് കോടതി ഹർജി പരിഗണിക്കവെ പറഞ്ഞു. എന്നാൽ നഗരത്തിലെ കാനകൾ മഴയ്ക്കു മുമ്പേ വൃത്തിയാക്കിയതാണെന്നും വലിയതോതിൽ മഴ പെയ്താലും കാനകൾക്ക് വെള്ളം ഉൾക്കൊള്ളാനാവുമെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് നവീകരിച്ച റോഡിൽ വെള്ളം കാനകളിലേക്ക് ഒഴുകിയെത്തുന്നില്ലെന്ന് ഹർജിക്കാർ ആരോപിച്ചു. ഇത്തരമൊരു പരാതി ഇതുവരെ ഉന്നയിച്ചിരുന്നില്ലെന്ന് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ അഭിഭാഷകൻ വ്യക്തമാക്കി. നഗരത്തിലെ വെള്ളക്കെട്ട് തടയാൻ നഗരസഭയും ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാനായ കളക്ടറും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ നഗരസഭ അറിയിക്കണം. നവീകരിച്ച റോഡിൽ നിന്ന് വെള്ളം കാനയിലേക്ക് ഒഴുകിയെത്തുന്നില്ലെന്ന പരാതിയിൽ കൊച്ചിൻ സ്മാർട്ട് മിഷൻ ലി. റിപ്പോർട്ടു നൽകണം. പേരണ്ടൂർ കനാലിന്റെ നവീകരണത്തിനു തടസമായ റെയിൽവെ കലുങ്കിന്റെ കാര്യത്തിൽ റെയിൽവെ അധികൃതർ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി ആഗസ്റ്റ് നാലിനു വീണ്ടും പരിഗണിക്കും.

ഇരുമ്പഴി മൂടികൾ മോഷ്ടിക്കുന്നു

നഗരത്തിലെ നവീകരിച്ച റോഡുകളിൽ നിന്ന് വെള്ളം കാനകളിലേക്ക് ഒഴുകിപ്പോകാനായി നിർമ്മിച്ച ചെറിയ കുഴികൾ ഇരുമ്പഴി മൂടികൾ കൊണ്ടു മൂടിയതാണെന്നും ഇവയൊക്കെ സാമൂഹ്യ വിരുദ്ധർ മോഷ്ടിച്ചു കൊണ്ടു പോകുകയാണെന്നും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസിന്റെ സഹായം തേടാൻ തുടർന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇരുമ്പഴി മൂടികൾ ഇല്ലാത്തതിനാൽ അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മാദ്ധ്യമ വാർത്തകളെത്തുടർന്നാണ് ഹൈക്കോടതി ഈ വിഷയം സ്വമേധയാ പരിഗണിച്ചത്.