പറവൂർ: മഴ കനക്കുന്നതിനാൽ പറവൂർ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. തഹസിൽദാരുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ യോഗത്തിൽ വിവിധ പഞ്ചായത്ത് അധികൃതർക്ക് മുൻകരുതൽ നിർദേശങ്ങൾ നൽകി.
പുത്തൻവേലിക്കര, കുന്നുകര, ആലങ്ങാട്, കടുങ്ങല്ലൂർ, ചേന്ദമംഗലം വില്ലേജുകളിലാണ് കൂടുതൽ താഴ്ന്നതും പെട്ടെന്നു വെള്ളം കയറാൻ സാധ്യതയുള്ളതുമായ പ്രദേശങ്ങളുള്ളത്. പ്രളയത്തിൽ ജില്ലയിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ പഞ്ചായത്തുകളാണ് പുത്തൻവേലിക്കരയും ചേന്ദമംഗലവും. പുത്തൻവേലിക്കരയിലെ തെനപ്പുറം, കോഴിത്തുരുത്ത് മേഖലകളെല്ലാം മഴശക്തിപ്രാപിച്ചാൽ വെള്ളമുയരും. വടക്കേക്കര, ചിറ്റാറ്റുകര, ഏഴിക്കര മേഖലകളിലും ജാഗ്രത അനിവാര്യമാണ്. കാറ്റ് ശക്തിപ്രാപിക്കാത്തതിനാൽ മറ്രുനാശനഷ്ടങ്ങൾ താലൂക്കിൽ റിപ്പോട്ട് ചെയ്തിട്ടില്ല. താലൂക്ക് ഓഫിസിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. 0484 - 2972817.
----------------------------------------------------
തോരാ മഴയിൽ പറവൂരിലെ മിക്കപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഒട്ടേറെ പ്രധാന റോഡുകളും ഇടറോഡുകളും വെള്ളത്തിലായി. നഗരത്തിൽ പുല്ലംകുളം സ്കൂളിന് മുന്നിലുള്ള റോഡിൽ പുഴയ്ക്ക് സമാനമായാണ് വെള്ളമൊഴുകുന്നത്. റോഡിൽ നിന്നും വെള്ളം സ്കൂളിന്റെ അങ്കണത്തിലേക്കു കയറി. പുല്ലംകുളം - പെരുവാരം റോഡ്, കിഴക്കേപ്രം - പെരുവാരം റോഡ്, കിഴക്കേപ്രം - വാണിയക്കാട് റോഡ്, പുത്തൻവേലിക്കര ബസാറിന് സമീപത്തെ പ്രധാന റോഡ്, കണക്കൻ കടവിലേക്ക് പോകുന്ന റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കാനയില്ലാത്തും ഉള്ളയിടത്ത് കൃത്യമായി വൃത്തിയാക്കാത്തതുമാണ് മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. മഴ നീണ്ടുനിന്നാൽ ഒട്ടേറെ തോടുകളും മറ്റു ജലസ്രോതസുകളും നിറഞ്ഞ് കവിയാൻ സാധ്യതയുണ്ട്.