മട്ടാഞ്ചേരി: പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നുവെങ്കിലും ട്രോളിംഗ് നിരോധനത്തിന്റെ ഇടവേളയ്ക്ക് ശേഷം കടലിലിറങ്ങിയ ബോട്ടുകൾ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് തിരികെക്കയറി.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ കടലിൽ മത്സ്യബന്ധനത്തിന് പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയപ്പോഴാണ് പ്രതികൂല കാലാവസ്ഥ സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പുമായി എത്തിയത്. ഇതോടെ പുലർച്ചെ പന്ത്രണ്ട് മണിക്ക് പോകേണ്ട ബോട്ടുകൾ പോകാതെ മടിച്ച് നിന്നെങ്കിലും മൂന്ന് മണിയോടെ കടലിലേക്ക് പുറപ്പെടുകയായിരുന്നു.എന്നാൽ കടലിൽ ശക്തമായ കാറ്റ് ഉടലെടുത്തപ്പോൾ അധികൃതർ കർശന നിലപാട് സ്വീകരിച്ചതോടെ ബോട്ടുകളെല്ലാം വൈകിട്ടോടെ തന്നെ തിരിച്ച് ഹാർബറുകളിൽ മടങ്ങിയെത്തി. ചില ബോട്ടുകൾ സാമാന്യം തരക്കേടില്ലാത്ത വിധം കിളിമീൻ ലഭിച്ചപ്പോൾ മറ്റ് ചില ബോട്ടുകൾക്ക് പേരിന് മാത്രമാണ് മത്സ്യം ലഭിച്ചത്.