mazha
വെള്ളക്കെട്ട് രൂക്ഷം

കൊച്ചി: ശക്തമായ കാലവർഷ പെയ്ത്തിൽ എറണാകുളം നഗരം വെള്ളത്തിൽ മുങ്ങി. നഗരത്തിലെ വിവിധയിടങ്ങളിൽ വ്യാപക വെള്ളക്കെട്ടുണ്ടായി. ഇന്നലെ പുലർച്ചെ മുതൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ജില്ലയിൽ ഈ മാസം നാല് വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഒരടി പൊക്കത്തിലാണ് എം.ജി. റോഡ്, മേനക ജങ്ഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായത്. കടകളിൽ വെള്ളം കയറിയത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കി.

ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വെള്ളത്തിൽ മുടങ്ങിയതോടെ യാത്രക്കാർ സ്റ്റാൻഡിൽ കയറാനാകാതെ കുടുങ്ങി. ഇവിടെ നിന്നും അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച 10 മുതൽ വൈകിട്ട് ഏഴുവരെ വെള്ളം പമ്പ് ചെയ്തുമാറ്റി.

ജഡ്ജസ് അവന്യൂ, അംബേദ്കർ കോളനി, ജേർണലിസ്റ്റ് കോളനി എന്നിവിടങ്ങളിലും വെള്ളം കയറി. കലൂർ റോഡിലും വെള്ളക്കെട്ടുണ്ട്. നഗരത്തിലെ ജ്യൂ സ്ട്രീറ്റ് റോഡ്, എം.ജി റോഡ് പരിസരം, തമ്മനം- പുല്ലേപ്പടി റോഡ്, കലൂർ കത്രൃക്കടവ് റോഡ്, നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, ബാനർജി റോഡ്, എസ്.എ റോഡ്, മേനക ജംഗ്ഷൻ, പരമാര റോഡ്, കലാഭവൻ റോഡ്, സലിംരാജ് റോഡ്, കടവന്ത്ര, പനമ്പിള്ളി, പാലാരിവട്ടം തുടങ്ങിയ മേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടാണ്.

ഗതാഗത കുരുക്ക് രൂക്ഷം
നിരത്തുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പലയിടത്തും ഗതാഗതക്കുരുക്കുണ്ടാക്കി. കച്ചേരിപ്പടി, എം.ജി റോഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തിങ്കളാഴ്ച ദിവസമായതിനാൽ അവധി കഴിഞ്ഞ് സ്‌കൂൾ കോളേജ്, ഓഫീസ് എന്നിവിടങ്ങളിലേക്ക് പോകാനിറങ്ങിയവർ നന്നേ കഷ്ടപ്പെട്ടു.

ഹൈക്കോടതി നടപടികൾ വൈകി
നഗരത്തിലെ വെള്ളക്കെട്ടും ജില്ലയിലെ കനത്ത മഴയും ഹൈക്കോടതി പ്രവർത്തനത്തെയും ബാധിച്ചു. സാധാരണ ദിവസങ്ങളിൽ പത്തേകാലിന് ആരംഭിക്കുന്ന കോടതി നടപടികൾ ഇന്നലെ 11നാണ് ആരംഭിച്ചത്. വെള്ളക്കെട്ടിൽ പെട്ട് ജഡ്ജിമാരും അഭിഭാഷകരും എത്താൻ വൈകിയതോടെ നടപടികൾ 11ലേക്ക് മാറ്റുകയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാലടി സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു നിരോധിച്ചു.

കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ പ്രദേശത്തു പൂയംകുട്ടി പുഴയ്ക്ക് അക്കരെ ഉരുൾപൊട്ടൽ ഉണ്ടായി. പെട്ടെന്നുണ്ടായ മലവെള്ള പാച്ചിലിൽ മൂന്ന് വീടുകളിൽ വെള്ളം കയറി. എന്നാൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തട്ടില്ല.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ രണ്ടു പ്രധാന നദികളായ പെരിയാർ, മൂവാറ്റുപുഴയാർ എന്നിവടങ്ങളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.


ജില്ല പൂർണ സജ്ജം: കളക്ടർ

ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണെന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ് അറിയിച്ചു.

അപകടകരമായ സാഹചര്യത്തിൽ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാർപ്പിക്കും. ജില്ലയിൽ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. ജില്ലയിലെ ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് സംബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ടതില്ല. ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻ.ഡി.ആർ.എഫ് സംഘം തിങ്കളാഴ്ച രാത്രിയോടെ ജില്ലയിലെത്തി.

താലൂക്ക് തലത്തിലും ജില്ലാ തലത്തില്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കും.