ആലങ്ങാട്: പായൽമൂടി ശോചനീയാവസ്ഥയിലായ പെരിയാർ ടു പെരിയാർ നിർണിത്തോട് നവീകരിക്കുന്നു. 132 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണത്തിന് ഇന്ന് വൈകിട്ട് 4ന് മന്ത്രി പി.രാജീവ് തുടക്കംകുറിക്കും.
പെരിയാറിന്റെ കൈവഴികളായ മാഞ്ഞാലിപ്പുഴയെയും വരട്ടുപുഴയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തോടിന് 10 കിലോമീറ്റർ ദൈർഘ്യമുണ്ട്. കരുമാല്ലൂർ പഞ്ചായത്തിലെ നാറാണത്തുകടവിൽനിന്നാരംഭിച്ച് ഏലൂർമേത്താനത്ത് അവസാനിക്കുന്ന തോട് ഇരു പഞ്ചായത്തുകളുടെയും പ്രധാന ജലസ്രോതസാണ്. അവഗണമൂലം പായൽമൂടിയ തോട്ടിൽ വ്യാപകമായ കൈയേറ്റവുമുണ്ട്. ഇപ്പോൾ ഒഴുക്കുനഷ്ടപ്പെട്ട് മാലിന്യംമൂടിക്കിടക്കുകയാണ്. ഇത് പരിസരവാസികൾക്കെല്ലാം ബുദ്ധിമുട്ടായതോടെയാണ് തോടിന്റെ സംരക്ഷണത്തിനായി മുറവിളി ഉയർന്നത്. ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് ചെളിയും പായലും നീക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിപ്പ കുളിക്കടവുകളും നിർമ്മിക്കും.