കൂത്താട്ടുകുളം: നടക്കാവ് ഹൈവേയിൽ കൂത്താട്ടുകുളത്തേക്കും ഉപ്പുകണ്ടത്തേക്കും തിരിയുന്ന ഒലിയപ്പുറം കവലയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിലുണ്ടായിരുന്ന 2 യുവാക്കൾ മരിച്ചു. പിറവം കുടിലിൽ എൽദോസ് ബെന്നി (25), മുളക്കുളം നോർത്ത് ചുള്ളിക്കൽ വിഷ്ണു (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.45 ഓടെ ആയിരുന്നു അപകടം.
പിറവം ഭാഗത്തുനിന്ന് കൂത്താട്ടുകുളത്തേക്കുവന്ന സ്വകാര്യബസും ഉപ്പുകണ്ടം ഭാഗത്തുനിന്ന് പിറവത്തേക്ക് വന്ന യമഹബൈക്കുമായാണ് കൂട്ടിയിടിച്ചത്. ഒരുസ്വകാര്യസ്കൂളിനുവേണ്ടി സർവീസ് നടത്തുന്നതാണ് ബസ്. ഇരു വാഹനങ്ങളും വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേരും റോഡിൽ തെറിച്ചു വീണു. മൃതദേഹങ്ങൾ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പാെലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടം പതിവായ ഇവിടെ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.