കോതമംഗലം: തോരാതെ പെയ്യുന്ന കനത്ത മഴ കിഴക്കൻ മേഖലയിൽ ദുരിതംവിതച്ചു. കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വ്യാപക കൃഷിനാശവും സംഭവിച്ചു. ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കുന്നതിന് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കോതമംഗലം താലൂക്കിലെ നിരവധി പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ കോഴിപ്പിള്ളി, കവളങ്ങാട്, വെള്ളാമക്കുത്ത് എന്നിവിടങ്ങളിൽ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. സ്ഥാപനങ്ങളിലേക്കും മഴവെള്ളം ഇരച്ചുകയറി.കുരൂർ തോട് കര കവിഞ്ഞ് തങ്കളം ജവഹർ കോളനിയിൽ വെള്ളം കയറിയതോടെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തൃക്കാരിയൂർ മഹാദേവ ക്ഷേത്രം, പാറത്തോട്ട്കാവ് തുടങ്ങിയവയിലും വെള്ളം കയറി. കുട്ടമ്പുഴ മണികണ്ടംചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയതിനാൽ പ്രദേശം ഒറ്റപ്പെട്ടു. പല്ലാരിമംഗലത്ത് വള്ളക്കടവ്, വാളാച്ചിറ,കുടമുണ്ട, കൂറ്റംവേലി, മണിക്കിണർ തുടങ്ങിയ പ്രദേശങ്ങളിലായി 40 ഓളം വീടുകളിൽ വെള്ളം കയറി. തൃക്കാരിയൂരിൽ ഇരുപതോളം വീടുകളിലും പതിനാറോളം കടകളിലും വെള്ളം കയറി. ഉരുളൻ തണ്ണിയിൽ നിരവധി വീടുകളിൽ വെള്ളം കയറി താമസക്കാരെ ക്ലബ്ബിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വിജയന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. വിവിധ പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ആന്റണി ജോൺ എം.എൽ.എ, കോതമംഗലം തഹസിൽദാർ മറ്റു ജനപ്രതിനിധികൾ, പൊലീസ്, ഫയർഫോഴ്സ്, വനം വകുപ്പ് ,റവന്യു, വിവിധ സന്നദ്ധ സേനാംഗങ്ങൾ എന്നിവർ നേതൃത്വം നൽകുന്നു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിനുള്ള ഒരുക്കങ്ങൾ എടുത്തിട്ടുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും എം.എൽ.എ പറഞ്ഞു.