കൊച്ചി: 'ആസ്ഥാന മണ്ണിൽ അധികാരമില്ല, സ്വന്തം പേരിൽ അവകാശവുമില്ല’ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനാണ് ഈ ഗതികേട്. ത്രിതല തദ്ദേശ ഭരണ സംവിധാനത്തിൽ ചേരാനല്ലൂർ, കടമക്കുടി, എളങ്കുന്നപ്പുഴ, മുളവുകാട് ഗ്രാമപഞ്ചായത്തുകളുടെ മുകളിലാണ് ഇടപ്പള്ളി ബ്ലോക്കിന്റെ സ്ഥാനം.
എന്നാൽ ഈ നാല് പഞ്ചായത്തുകളിൽ നിന്ന് കിലോമീറ്ററുകൾ അകലെ തങ്ങൾക്ക് യാതൊരവകാശവുമില്ലാത്ത തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ കാക്കനാടാണ് ആസ്ഥന മന്ദിരം. ഇവിടെ എത്തിപ്പെടാനും പാടാണ്. ഇൻഫോ പാർക്ക് റോഡിൽ കുസുമഗിരി മാനസികാരോഗ്യകേന്ദ്രം എത്തും മുമ്പേ 250 മീറ്ററോളം വലതുവശത്ത് ഉള്ളിലായാണ് ഓഫീസ്. ഈ റൂട്ടിൽ ബസ് സർവീസ് കുറവാണ്. ഏറെ നേരം കാത്തു നിന്നാലേ ഇൻഫോ പാർക്ക് ബസ് ലഭിക്കൂ.
പഞ്ചായത്ത് രാജ് നിയമപ്രകാരം പ്രവർത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന് നഗരപാലിക നിയമത്തിന്റെ പരിധിയിൽ വരുന്ന മുനിസിപ്പാലിറ്റിയിൽ യാതൊരു അധികാരവുമില്ല.
പേരിന്റെ കാര്യത്തിലും സ്ഥിതിവിഭിന്നമല്ല. 'ഇടപ്പള്ളി 'എന്ന സ്ഥലം ഇന്ന് കൊച്ചി കോർപ്പറേഷനിലാണ്. സ്വന്തമായി ഊരും പേരുമില്ലാത്ത ബ്ലോക്ക് സ്വന്തം തട്ടകത്തിലേക്ക് മാറ്റണമെന്ന കാര്യത്തിൽ ഭരണസമിതിക്കും തർക്കമില്ല.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സാധാരണക്കാരും പിന്നാക്ക ദുർബല ജനവിഭാഗങ്ങളുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ഗുണഭോക്താക്കൾ.
ചേരാനല്ലൂർ, കടമക്കുടി, എളങ്കുന്നപ്പുഴ, മുളവുകാട് പഞ്ചായത്തുകളിലെ പാവപ്പെട്ട ജനങ്ങൾ രണ്ടും മൂന്നും ബസുകൾ മാറിക്കയറി യാത്രചെയ്തുവേണം ബ്ലോക്ക് പഞ്ചായത്തിൽ എത്താൻ. എളങ്കുന്നപ്പുഴക്കാർക്ക് 25 കിലോമീറ്ററെങ്കിലും സഞ്ചരിക്കണം. ബസിൽ കയറാൻ പാടവരമ്പത്തുകൂടി കിലോമീറ്ററുകൾ നടക്കേണ്ടവരുമുണ്ട്. ഒരു കാര്യത്തിനുവേണ്ടി ഒന്നിലധികം തവണ യാത്രചെയ്യേണ്ടിവന്നാൽ ആനുകൂല്യം തന്നെ വേണ്ടന്നുവയ്ക്കുകയേ നിവർത്തിയുള്ളു. നാല് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഈ കാര്യത്തിൽ ഖിന്നരാണ്. ഗ്രാമസേവകൻ ഉൾപ്പെടെയുള്ള ജീവനക്കാർ കൃത്യനിർവഹണത്തേക്കാൾ കൂടുതൽ സമയം ഹെഡ് ക്വാർട്ടേഴ്സിനും ഫീൽഡിനും ഇടയിലെ യാത്രകൾക്കാണ് ചെലവഴിക്കുന്നത്.
മുളവുകാട് പൊലീസ് സ്റ്റേഷന് സമീപം ഒരു മിനിസിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് അവിടെയുള്ള രണ്ടരയേക്കർ റവന്യൂഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മുളവുകാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. അത് യാഥാർത്ഥ്യമായാൽ ഇടപ്പള്ളി ബ്ലോക്കിന്റെ ആസ്ഥാനപ്രശ്നം പരിഹരിക്കപ്പെടും. അപ്പോഴും പേരിന്റെ കാര്യത്തിലെ തർക്കം ബാക്കിയാകും.
 ചരിത്രം
1956ലാണ് ഇടപ്പള്ളി ബ്ലോക്ക് രൂപീകൃതമായത്. കളമശേരിയും തൃക്കാക്കരയുമൊക്കെ ഇതിന്റെ കീഴിലായിരുന്നു. 1967ൽ കൊച്ചി കോർപ്പറേഷൻ രൂപം കൊണ്ടപ്പോൾ ഈ ബ്ലോക്കിന്റെ പേരിന് നിദാനമായ ഇടപ്പള്ളി ഗ്രാമപഞ്ചായത്തുപ്രദേശം കോർപ്പറേഷന്റെ ഭാഗമായി. 1990ൽ മുനിസിപ്പാലിറ്റിയായതോടെ കളമശ്ശേരിയും 2010 ൽ തൃക്കാക്കരയും നഷ്ടമായി.
 ഐതിഹ്യം ആവർത്തിക്കുന്നു
ഐതിഹ്യകഥയിൽ മഹാബലി തമ്പുരാന്റെ ആസ്ഥാനമന്ദിരം തൃക്കാക്കരയിലായിരുന്നു. പിന്നീട് വാമനൻ വന്ന് മഹാബലിയെ സ്ഥാനഭ്രഷ്ടനാക്കുകയും പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുകയും ചെയ്തു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയില്ലെങ്കിലും ഇരിപ്പിടത്തിന് ചുറ്റും അധികാരമില്ലാത്ത അവസ്ഥയാണ്.
''ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം മുളവുകാട് ഗ്രാമപഞ്ചായത്ത് പരിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട സർക്കാരിന് ശുപാർശ നല്കിയിട്ടുണ്ട്. മുളവുകാട് പഞ്ചായത്തിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുമ്പോൾ അതിൽ തങ്ങൾക്കും ഇടം നല്കണമെന്നാണ് ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച് തീരുമാനമൊന്നും ഉണ്ടായിട്ടില്ല''
 ട്രീസ മാനുവൽ, പ്രസിഡന്റ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്: