umbayi
ഗസൽ ഗായകൻ ഉമ്പായിയെക്കുറിച്ച് സതീഷ് കളത്തിൽ സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ഡോക്യുമെന്ററിയുടെ ടൈറ്റിൽ സോംഗ് ഓഡിയോ സി.ഡി ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുൻമന്ത്രി കെ.കെ. ഷൈലജക്കു നൽകി പ്രകാശനം ചെയ്യുന്നു

കൊച്ചി: വ്യത്യസ്തഭാഷകളും മതങ്ങളും സംസ്‌കാരങ്ങളുമുള്ള രാജ്യത്തെ ഏകീകരിക്കാൻ ഏറ്റവുമധികം സാധിക്കുന്നത് സംഗീതത്തിനാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ഗസൽ ഗായകൻ ഉമ്പായിയുടെ നാലാം ചരമവാർഷികത്തിൽ ജി. ദേവരാജൻ ഫൗണ്ടേഷൻ 'ദേവദാരു', ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച 'ഉമ്പായി ഒരോർമ്മ' അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലയുടേയും സംഗീതത്തിന്റേയും പ്രാധാന്യം തിരിച്ചറിഞ്ഞ് അതിൽ അഗാധമായി ഇഴകിച്ചേർന്നതാണ് ഉമ്പായിയുടെ വിജയമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

ഉമ്പായിയെക്കുറിച്ച് സതീഷ് കളത്തിൽ സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ഡോക്യുമെന്ററിയായ അറബിക്കടലിന്റെ ഗസൽനിലാവ് ടൈറ്റിൽ സോംഗ് 'സിതയേ സുതനുവേ'യുടെ ഓഡിയോ സി.ഡി മുൻമന്ത്രിയും എം.എൽ.എയുമായ കെ.കെ. ശൈലജയ്ക്ക് നൽകി ഗവർണർ പ്രകാശനം ചെയ്തു. ഗസൽ ഗായകൻ ജിതേഷ് സുന്ദരത്തിനും കവിയും വിവർത്തകനുമായ വേണു വി. ദേശത്തിനും ദേവദാരു ഫൗണ്ടേഷന്റെ ഉമ്പായി പുരസ്‌കാരങ്ങൾ ഗവർണർ സമ്മാനിച്ചു. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

ഉമ തോമസ് എം.എൽ.എ, കളമശേരി മുനിസിപ്പൽ മുൻ ചെയർപേഴ്‌സൺ റുക്കിയ ജമാൽ, സിനിമാനടൻ നാസർ ലത്തീഫ്, പിന്നണി ഗായകൻ സി.കെ. സാദിഖ്, എഴുത്തുകാരൻ വി.ആർ. രാജമോഹൻ, ദേവദാരു പ്രസിഡന്റ് കെ.എം. താജുദ്ദീൻ, ഡോ.എൻ.എസ്.ഡി രാജു എന്നിവർ പ്രസംഗിച്ചു.