കവിത
രചന: സിന്ധു ജി. കടനാട്

ഒന്നിച്ചിരുന്നൊന്നുകഥകൾ പറയണം
ഒരപാടുകാര്യങ്ങളോർത്തോർത്തു ചൊല്ലണം
കൺകോണിലുണ്ടായിരുന്നൊരാപ്രണയവും
ഉൗറിച്ചിരിച്ചൊന്നൊതുക്കത്തിലോർക്കണം
സൗഹൃദപ്പൂന്തേനിലൊഴുകിയിറങ്ങണം
സൗഹൃദപ്പൂങ്കാറ്റിലുള്ളം തണുക്കണം
മൊഴിയാതെ,മിഴിനിറഞ്ഞൊന്നൂടെയലിയണം
നോവിന്റെ കെട്ടുകൾ പാൽപോലലിക്കണം
മഴകൊണ്ട്, വെയിലേറ്റ് ഓടിത്തളർന്ന നാം
മൊഴിയാത്തമിഴികളിൽ നോവറിഞ്ഞീടണം
ആരാണ് നാമെന്ന് തമ്മിലറിയേണം
ആരാന്റെ ദു:ഖവും തന്റേതാക്കീടണം
സൗഹൃദപ്പൂങ്കാറ്റു മേലിലും വീശണം
സായന്തനങ്ങളിൽ സാന്ത്വനമാകണം
കണ്ടാലറിഞ്ഞവരേറെയുണ്ടെങ്കിലും
കണ്ടറിയുന്നവരാകണമേവരും
വിസ്‌മയക്കൂട്ടിലെ കാഴ്ചയാണിന്നുനാം
വിസ്‌മരിക്കൊല്ലേ ഒരുനാളുമാരെയും
എങ്ങോ നടന്നവരെങ്ങോ കഴിഞ്ഞവർ
എങ്ങോട്ടുപോയെന്നറിയാതെയായവർ
കൂട്ടരേ, നമ്മുടെ സ്‌നേഹത്തിനാഴമീ
കൂട്ടായ്‌മയിന്നിന്റെ സത്യവും തത്വവും