കൊച്ചി: വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കളക്ടർ ഡോ.രേണു രാജിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഹൈക്കോടതി പരിസരം, കൊച്ചി മെട്രോ എം.ജി റോഡ് സ്‌റ്റോപ്പിന് സമീപം, മുല്ലശേരി കനാൽ എന്നിവിടങ്ങളാണ് സന്ദർശിച്ചത്. കോർപ്പറേഷൻ ആസ്ഥാനത്ത് ഉദ്യോഗസ്ഥതല യോഗം ചേർന്നു.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഉടനടി റിപ്പോർട്ട് നൽകാൻ പി.ഡബ്ല്യു.ഡി, ഇറിഗേഷൻ, കോർപ്പറേഷൻ, ഫയർഫോഴ്‌സ്, വാട്ടർ അതോറിട്ടി, റവന്യു ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ കമ്മിറ്റിക്ക് കളക്ടർ നിർദ്ദേശം നൽകി. ദുരന്ത നിവാരണ ഡെപ്യുട്ടി കളക്ടർ, കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി എന്നിവർക്കാകും ഏകോപന ചുമതല. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തരമായി ഇടപെടേണ്ട 20 സ്ഥലങ്ങൾ കണ്ടെത്തി രണ്ടുദിവസത്തിനകം വെള്ളം ഒഴുകിപോകുന്നതിനു സംവിധാനം ഉണ്ടാക്കണം. കാനകളിൽ നിന്ന് ചെളി നീക്കേണ്ട സ്ഥലങ്ങളിൽ നിന്ന് അടിയന്തരമായി നീക്കുവാനും യോഗം നിർദേശിച്ചു. എംജി റോഡിൽ മുല്ലശേരി കനാൽ മുതൽ ശീമാട്ടിവരെയുള്ള ഭാഗത്ത് കാനകളിലേക്കു വെള്ളം ഒഴുകിപോകുന്നതിനുള്ള സംവിധാനമൊരുക്കാനും യോഗം തീരുമാനിച്ചു.

ശക്തമായ മഴയുണ്ടാകുമ്പോൾ മുല്ലശേരി കനാലിന്റെ കിഴക്കേയറ്റത്തെ വെള്ളവും വിവേകാനന്ദ റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ വെള്ളവും പമ്പ് ചെയ്തു നീക്കാൻ സംവിധാനം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.