മൂവാറ്റുപുഴ: കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ മൂവാറ്റുപുഴ പ്രളയ ഭീതിയിൽ. കാളിയാർ, തൊടുപുഴ, കോതമംഗലം ആറുകൾ അപകടകരമാംവിധം നിറഞ്ഞൊഴുകുകയാണ്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുര്യൻ മലത്താഴം, ആനിക്കാകുടി ,ആനച്ചാൽ, മുറിക്കൽ, ഇലാഹിയ നഗർ, മൂന്നുകണ്ടം, കൊച്ചങ്ങാടി, എട്ടങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. അതിഥി തൊഴിലാളികളടക്കം 150 ഓളം പേർ രണ്ട് ക്യാമ്പുകളിലായുണ്ട്. ഹോമിയോ ആശുപത്രിയുടെ താഴ്നില, പുഴയോര നടപ്പാത, ആനിക്കാകുടി റോഡ്, ഇലാഹിയ റോഡ്, ആനച്ചാൽറോഡ്, കോൾമാരി, എന്നിവിടങ്ങൾ വെള്ളത്തിനടിയിലാണ്. കോതമംഗലം റോഡിൽ കക്കാടാശേരിയിലും തൊടുപുഴ റോഡിൽ മടക്കത്താനത്തും വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ നഗരത്തിന് പുറമെ പായിപ്ര, ആയവന, മഞ്ഞള്ളൂർ ആവോലി, മാറാടി, ഗ്രാമപഞ്ചായത്തുകളുടെ താഴ്ന്ന മേഖലകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയിരുന്ന കൃഷി വ്യാപകമായി നശിച്ചു. വാഴ, ചേന, കപ്പ, കൂർക്ക, പയർ, പാവൽ, പടവലം, എന്നിവയാണ് നശിച്ചത്. കിഴക്കൻ മേഖലയിൽ മഴശക്തിപ്പെട്ടതോടെ കാളിയാർ കൂലംകുത്തി ഒഴുകുകയാണ്. മേഖലയിലെ ചെറുതോടുകളിലും പുഴകളിലും പാടശേഖരങ്ങളിലും വെള്ളം ഉയർന്നതിനാൽ മഴ ഇനിയും കനത്താൽ പ്രതിസന്ധി രൂക്ഷമാകും.താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫയർഫോഴ്സും പൊലീസും സന്നദ്ധസംഘടനകളും ഏതു സാഹചര്യവും നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിട്ടുണ്ട്.