മൂവാറ്റുപുഴ: പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അറിയിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ മൂവാറ്റുപുഴ ടൗൺ യു.പി.സ്കൂളിലും കടാതി എൻ.എസ്.എസ്. കരയോഗ മന്ദിരത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എഴുപത്തിയഞ്ചോളം അന്യസംസ്ഥാന തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കരയോഗം മന്ദിരത്തിൽ ആനിക്കാകുടി കോളനിയിലെ 20 കുടുംബങ്ങളാണുള്ളത്. ക്യാമ്പിൽ കഴിയുന്നവർക്ക് സൗജന്യഭക്ഷണവും മെഡിക്കൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൊലീസ് എയ്ഡ് പോസ്റ്റും സജ്ജം. ആവശ്യമെങ്കിൽ കുര്യൻമല വ്യവസായ പാർക്ക്, കമ്മ്യൂണിറ്റി ഹാൾ, വാഴപ്പിള്ളി ജെ.ബി.സ്കൂൾ, നിരപ്പ് ലൊരേറ്റ ആശ്രമം, കാവുംങ്കര വനിതാ സെന്റർ, എസ്.എൻ.ഡി.പി. സ്കൂൾ, ഗവ.മോഡൽ സ്കൂൾ, കിഴക്കേകര ഈസ്റ്റ് എച്ച് .എസ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. വെള്ളപ്പൊക്കക്കെടുതി നേരിടുന്ന പ്രദേശങ്ങളിൽ ചെയർമാൻ സന്ദർശനം നടത്തി.