കൊച്ചി: പാലക്കാട് കല്ലേപ്പുള്ളിയിൽനിന്ന് കാണാതായ വൃദ്ധന്റെ മൃതദേഹം ചേരാനെല്ലൂർ വി.വി.കെ വാലം നോർത്ത് ഭാഗത്തെ പെരിയാർ തീരത്ത് കണ്ടെത്തി. കല്ലേപ്പുള്ളി അർച്ചനാ കോളനിയിൽ ശ്രീകൃപാ വീട്ടിൽ മുരളീധരൻ നായരുടെ (71) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പതോടെ നാട്ടുകാർ ചേരാനെല്ലൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിൽനിന്ന് ലഭിച്ച മൊബൈൽ ഫോണിലെ സിം മറ്റൊരു ഫോണിലിട്ട് ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മുരളീധരനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ മാസം 28ന് ബന്ധുക്കൾ പാലക്കാട് ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആത്മഹത്യയാണെന്നാണ് കരുതുന്നത്. സംഭവത്തിൽ ചേരാനെല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.