കിഴക്കമ്പലം: എം.എൽ.എ യുടെ വാക്ക് വെറുംവാക്കായില്ല. വീട് നഷ്ടപ്പെട്ട് പെരുവഴിയിലായ ഏലിയാമ്മയ്ക്ക് ഭവനമൊരുങ്ങി.
കിഴക്കമ്പലം പഞ്ചായത്തിലെ കാരുകുളത്ത് റോഡിനു വീതി കൂട്ടുന്നതിനായി 77 കാരി ഏലിയാമ്മയുടെ വീട് വർഷങ്ങൾക്ക് മുമ്പാണ് അധികൃതർ പൊളിച്ചത്. വീട് നിർമ്മിച്ചു നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ പറമ്പിലിരുന്ന് ഒറ്റയാൾ സമരം ചെയ്തതോടെയാണ് എലിയാമ്മയുടെ ദുരിതം പുറംലോകമറിഞ്ഞത്. സമര സ്ഥലത്ത് എത്തിയ അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ. ഏലിയാമ്മയ്ക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് വാക്ക് കൊടുത്തിരുന്നു. ഏലിയാമ്മയെ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. വീടില്ലാത്തതുമൂലം പല സ്ഥലങ്ങളിൽ വാടകയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. സി.പി.എം കിഴക്കമ്പലം ലോക്കൽ കമ്മറ്റിയുടെയും സുമനസുകളുടെയും സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്. താക്കോൽദാനം 7 ന് രാവിലെ 11ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ നിർവഹിക്കും.