കൊച്ചി: ജില്ലയിൽ ഇന്നലെയും വ്യാപകമായി മഴ പെയ്തതിനെത്തുടർന്ന് ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. നദികളിലും ഡാമുകളിലുമെല്ലാം മുന്നറിയിപ്പ് ലെവലിനും മുകളിലാണ് ജലനിരപ്പ്. എറണാകുളം നഗരത്തിൽ മഴയുടെ തീവ്രത കുറവായതിനാൽ കാര്യമായ വെള്ളക്കെട്ടില്ല.

പ്രധാന നദികളിലെ ജലനിരപ്പ്
ജില്ലയിലെ പ്രധാന നദികളായ മൂവാറ്റുപുഴയാറിലും പെരിയാറിലും ആലുവാപ്പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ആലുവാ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിൽ മുങ്ങി. മൂവാറ്റുപുഴയാറിന്റെ ഭാഗമായ തൊടുപുഴ, കാളിയാർ, കോതമംഗലം നദികൾ നിറഞ്ഞൊഴുകുകയാണ്.

മൂവാറ്റുപുഴയാറിലെ മുന്നറിയിപ്പ് ലെവൽ 10.015 മീറ്റർ ആണെന്നിരിക്കെ ഇന്നലെ വൈകിട്ട് ജലനിരപ്പ് 11.850മീറ്റർ കടന്നിരുന്നു. പെരിയാറിന്റെ കൈവഴികളായ മാർത്താണ്ഡവർമ്മ, മംഗലപ്പുഴ, കാലടി നദികളിലും ഇന്നലെ ഉച്ചവരെ ജലനിരപ്പ് ഉയർന്നുതന്നെയാണ്. വൈകുന്നേരം ജലനിരപ്പ് നേരിയതോതിൽ കുറഞ്ഞു.

അണക്കെട്ട്
ജില്ലയിൽ ഉൾപ്പെടുന്ന ഭൂതത്താൻകെട്ട്, ഉടമലയാർ ഡാമുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും മുകളിലാണ്. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകളും ഉയർത്തിയിരിക്കുകയാണ്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയരാൻ കാരണമായേക്കാവുന്ന മലങ്കര അണക്കെട്ടിന്റെ ആറ് സ്പിൽവേ ഷട്ടറുകളും 110 സെ.മീ ഉയർത്തി. പെരിങ്ങൽകുത്ത് ഡാമിലും ജലനിരപ്പ് ഉയർന്നുതന്നെ.

 ഇന്നും അവധി
ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ആവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ് അറിയിച്ചു.

18 ക്യാമ്പുകൾ; 685 പേർ
ജില്ലയിൽ 685 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നാല് താലൂക്കുകളിലായി 18 ക്യാമ്പുകളാണ് ആരംഭിച്ചത്. പറവൂരിൽ എട്ടും ആലുവയിൽ മൂന്നും മൂവാറ്റുപുഴ താലൂക്കിൽ നാലും കോതമംഗലത്ത് രണ്ടും കുന്നത്തുനാട്ടിൽ ഒരുക്യാമ്പും തുറന്നു. ഇതുവരെ 199 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 15 അന്യസംസ്ഥാന തൊഴിലാളികളെയും ക്യാമ്പുകളിലേക്ക് മാറ്റി.

കോതമംഗലം ടൗൺ യു.പി സ്‌കൂൾ, ഏലൂർ കുറ്റിക്കാട്ടുകര ജി.യു.പി.എസ്, ഐ.എ.സി യൂണിയൻ ഓഫീസ്, എഫ്.എ.സി.റ്റി ഈസ്റ്റേൺ യു.പി സ്‌കൂൾ, കുന്നുശേരി മുസ്ലീം മദ്രസ, ചൂർണിക്കര എസ്.പി.ഡബ്ല്യു എൽ.പി സ്‌കൂൾ, മൂവാറ്റുപുഴ ടൗൺ യു.പി സ്‌കൂൾ, കടാതി എൻ.എസ്.എസ് കരയോഗം, വലേപുറം അംഗൻവാടി, തൃക്കാരിയൂർ എൽ.പി.എസ്, ജെ.ബി സ്‌കൂൾ വാഴപ്പിള്ളി തുടങ്ങി​യ സ്ഥലങ്ങളിലാണ് ക്യാമ്പുകൾ.


 എൻ.ഡി.ആർ.എഫ് ജില്ലയിലെത്തി
മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ (എൻ.ഡി.ആർ.എഫ്) ജില്ലയിലെത്തി. 25പേരുടെ സംഘമാണ് എത്തിയത്.

അടിയന്തര യോഗം
കനത്ത മഴയെത്തുടർന്നുള്ള സ്ഥിതിഗതികളും സുരക്ഷാ മുന്നൊരുക്കങ്ങളും വിലയിരുത്താൻ മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷയിൽ അടിയന്തര യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് കാനകളിൽ ഒഴുക്ക് സുഗമമാക്കും. അപകടകരമായ മരങ്ങൾ മുറിക്കും. കൊച്ചി മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി വെള്ളക്കെട്ടുണ്ടാകുന്ന നഗരത്തിലെ പ്രദേശങ്ങളിൽ കാനയിലേക്ക് വെള്ളമൊഴുകിപ്പോകുന്നതിനുള്ള മാർഗമുണ്ടാക്കുന്നതിന് കൊച്ചി മെട്രോ, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അതോറിറ്റി എന്നിവർ ചേർന്ന് നടപടി സ്വീകരിക്കും. പി ആൻഡ് ടി കോളനി, ഉദയ കോളനി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കും.

കുറുങ്കോട്ട ദ്വീപിൽ ഉൾപ്പെടെ അടിയന്തര ആവശ്യത്തിന് ബോട്ട് സജ്ജമാക്കി. ടോറസുകളും സജ്ജമാണ്. മത്സ്യത്തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തും. ബോട്ടുടമകളുടെ യോഗം ചേരും.

പശ്ചിമ കൊച്ചി മേഖലയിൽ കടലേറ്റം നേരിടാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും. കണ്ണമാലിയിൽ 130 മീറ്റർ ഭാഗത്ത് ജിയോ ബാഗുകൾ സ്ഥാപിക്കാനാവശ്യമായ തുക അനുവദിക്കും. കൊച്ചി മേഖലയിൽ നിന്നും 700ലധികം ബോട്ടുകൾ മത്സ്യബന്ധനത്തിനായി കടലിൽ പോയിട്ടുണ്ട്. ഇവരെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നടപടി ആരംഭിച്ചു.

കൺട്രോൾ റൂം
അഗ്നിശമനസേനയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ്, കടവന്ത്ര, ആലുവ, കോതമംഗലം എന്നിവിടങ്ങളിൽ ആരംഭിച്ചു.

കൺട്രോൾ റൂം നമ്പറുകൾ
ആലുവ- 0484 2624101,
കോതമംഗലം- 0485 2822420,
ജില്ലാ ഫയർ ഓഫീസർ- 9497920115
കടവന്ത്ര കൺട്രോൾ റൂം- 9497920100, 9497920108