കൊച്ചി : വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വരുംദിവസങ്ങളിൽ ഹൈക്കോടതി, എം.ജി റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ കഴിയുന്നത്രയും കാനകളിൽ നിന്ന് ചെളി കോരി നീരൊഴുക്ക് വർദ്ധിപ്പിക്കും. ഹൈക്കോടതിയുടെ സമീപമുള്ള പി.ഡബ്ല്യൂ.ഡി റോഡ്, സലീം അലി റോഡ് എന്നിവിടങ്ങളിലെ പ്രവൃത്തികൾക്ക് അടിയന്തരമായി 5,30,000 രൂപ കോർപ്പറേഷൻ അനുവദിച്ചു. മേയർ എം. അനിൽകുമാർ, ടി.ജെ.വിനോദ് എം.എൽ.എ, കളക്ടർ ഡോ. രേണുരാജ് എന്നിവരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. .
മുല്ലശേരി കനാൽ നവീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തരമായി പ്രത്യേക യോഗം വിളിച്ചു ചേർക്കും.
ഉദ്യോഗസ്ഥ തലത്തിൽ ഏകോപനം ഉറപ്പാക്കുന്നതിന് ഡെപ്യൂട്ടി കളക്ടർ, നഗരസഭ അഡീഷണൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളിലേയും എൻജിനിയർമാരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചു.
മുല്ലശ്ശേരി കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്തതാണ് എം.ജി റോഡ്, സൗത്ത്, കാരിക്കാമുറി, കെ.എസ്.ആർ.ടി.സി കമ്മട്ടിപ്പാടം പ്രദേശങ്ങളെ വെളളത്തിലാഴ്ത്താൻ കാരണമെന്ന് യോഗം വിലയിരുത്തി. അഗ്‌നിശമന സേനയുടെ കൈവശമുളള പമ്പ് ഉപയോഗിച്ച് മുല്ലശ്ശേരി കനാലിന്റെ കിഴക്കേ അറ്റത്ത് നിന്ന് 330 മീറ്റർ പടിഞ്ഞാറേക്ക് മാറി കായലിലേക്ക് ജലം ഒഴുകി പോകും വിധത്തിൽ സ്ലോപ്പ് ലഭിക്കുന്നിടം വരെ പമ്പിംഗ് നടത്താൻ ആവശ്യമായ താല്കാലിക സജ്ജീകരണം ഏർപ്പെടുത്താനും തീരുമാനിച്ചു. ദീർഘകാല വെളളക്കെട്ട് പ്രവൃത്തികൾ അതാത് ഡിപ്പാർട്ടുമെന്റുകൾ ചെയ്യണമെന്ന് തീരുമാനിച്ചു.