തൃക്കാക്കര: വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് വീട് അപകടാവസ്ഥയിലായി. കാക്കനാട് അത്താണി അയ്യപ്പക്ഷേത്രത്തിന് സമീപം പുത്തൻ പുരക്കൽ അബ്ദുൾ മനാഫിന്റെ വീടിന്റെ പിന്നിലെ സംരക്ഷ ഭിത്തിയാണ് ഇന്നലെ തുടർച്ചയായി പെയ്ത മഴയിൽ ഇടിഞ്ഞുവീണത്. അടുക്കള ഭാഗത്ത് വീടിന്റെ ഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. വീടിന്റെ തറയിൽ നിന്നും മണ്ണിടിഞ്ഞ് താഴേക്ക് വീണു കൊണ്ടിരിക്കുകയാണ്. ഏത് നിമിഷവും വീട് താഴേക്ക് നിലം പതിക്കുന്ന സ്ഥിതിയാണ്.
ചുറ്റുവട്ടത്തുള്ള വീടുകളും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനോട് ചേർന്ന് അങ്കണവാടി നിർമ്മാണത്തിന് രണ്ട് വർഷം മുമ്പ് ഇവിടെ നിന്ന് മണ്ണ് മാറ്റിയിരുന്നു. സംരക്ഷണ ഭിത്തി നിർമ്മിച്ച് പ്രദേശത്തെ വീടുകൾക്ക് സംരക്ഷണമൊരുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.അബ്ദുൾ മനാഫും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്ന വീടാണ് അപകടാവസ്ഥയിലായത്. ഇവരെ മാറ്റിപ്പാർപ്പിച്ചു.