
ആലുവ: കനത്ത മഴയിൽ പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ നിരവധി വീടുകളിൽ വെള്ളം കയറി. ചൂർണിക്കര, കീഴ്മാട്, കടുങ്ങല്ലൂർ, ചെങ്ങമനാട് മേഖലകളിലെല്ലാം ജനങ്ങൾ ദുരിതത്തിലായി. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ പെരിയാറിന്റെ കരയിലുള്ള കരുവേലി തുരുത്തിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് എട്ടു വീട്ടുകാരെ ചൂർണ്ണിക്കര എസ്.പി.ഡബ്ലിയു എൽ.പി സ്‌ക്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കൂടാതെ കൃഷി ചെയ്യുന്ന പള്ളിക്കേരി പാടത്തും വെള്ളം കയറി. ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം മുറ്റം വരെ കയറിയെങ്കിലും മഴ കുറഞ്ഞപ്പോൾ ഇറങ്ങി.
മഴക്കാലത്തോടനുബന്ധിച്ച് ചൂർണ്ണിക്കരയിൽ കാനകളും തോടുകളും വെള്ളക്കെട്ടുണ്ടാക്കുന്ന പ്രദേശങ്ങളിലും ക്ലീനിംഗ് നടത്തിയതിനാൽ മുൻ വർഷങ്ങളിലേത് പോലെ വെള്ളം കയറിയില്ലെന്നത് ആശ്വാസമായി. രാവിലെ കരിവേലി തുരുത്തിൽ വെള്ളം കയറുന്നത് അറിഞ്ഞു ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന്റെ നേതൃത്വത്തിൽ വീടുകളിലെ സാധനങ്ങൾ മുകൾ നിലയിലേക്കും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും മാറ്റി. വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റി.
കീഴ്മാട് പറോട്ടിൽ ലൈനിൽ മണ്ണിടിച്ചിലുണ്ടായി. പറോട്ടിൽ ലൈനിൽ അബ്ദുവിന്റെ വീടിന് പുറക് വശത്ത് കിണറിനോട് ചേർന്നാണ് മണ്ണിടിഞ്ഞത്. പൊലീസിലും വില്ലേജ് ഓഫിസിലും വിവരമറിയിച്ചിട്ടുണ്ടെന്നും മാറ്റേണ്ട സാഹചര്യം വന്നാൽ ഇവരെ മാറ്റി പാർപ്പിക്കുമെന്നും നാലാം വാർഡ് അംഗം റെസീല ഷിഹാബ് പറഞ്ഞു.
എം.എൽ.എയുടെ
സാന്നിദ്ധ്യത്തിൽ യോഗം
പ്രളയ ഭീഷണി നേരിടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. അടിയന്തര സാഹചര്യമുണ്ടായാൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി പൊതുജനങ്ങളുടെ സജീവ പങ്കാളിത്തമുണ്ടാകണമെന്നും ഇതിനായി യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ എന്നിവർ സജ്ജരായിരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
പ്രളയ സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കുവാൻ എല്ലാ പഞ്ചായത്തുകളും ദുരുതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും യോഗത്തിൽ എം.എൽ.എ അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ സേവനം കൂടാതെ 30 പേരടങ്ങുന്ന സന്നദ്ധസേനയെ തയ്യാറാക്കിയിട്ടുണ്ടെന്ന് അഗ്‌നിരക്ഷാസേന യോഗത്തെ അറിയിച്ചു.
ചൂർണ്ണിക്കരയിൽ എട്ട് കുടുംബത്തിലെ 31 പേർക്കായും നെടുമ്പാശ്ശേരിയിൽ മൂന്ന് കുടുംബങ്ങളിലെ ഒമ്പത് പേർക്കുമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. സപ്ലൈ സ്റ്റോറുകളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി ക്രെഡിറ്റിൽ സാധനങ്ങൾ നൽകാൻ നിർദ്ദേശം നൽകിയതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. മാർട്ടിൻ, പി.വി കുഞ്ഞ്, സെബാ മുഹമ്മദാലി, രാജി സന്തോഷ്, ഗ്രേസി ദയാനന്ദൻ, സതി ലാലു, തഹസീൽദാർ സുനിൽ മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജെ. ജോമി, സനിത റഹീം, റൈജ് അമീർ, വിവിധ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ആലുവ താലൂക്കിൽ
മൂന്ന് ക്യാമ്പുകൾ
പ്രളയക്കെടുതിയെ തുടർന്ന് ആലുവ താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചൂർണിക്കര എസ്.പി.ഡബ്യൂ യു.പി സ്‌കൂളിലും കുന്നുശേരി മുസ്ലീം മദ്രസയിലും വാലേപുരം അങ്കണവാടിയിലുമാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്. എസ്.പി.ഡബ്യൂ യു.പി സ്‌കൂളിൽ 31 പേരും കുന്നുശേരി മദ്രസയിൽ 37പേരും വാലേപുരം അങ്കണവാടിയിൽ 15 പേരുമാണുള്ളത്.
റൂറൽ ജില്ലാ പൊലീസ്
ആസ്ഥാനത്ത് കൺട്രോൾ റൂം
മഴക്കെടുതി നേരിടാൻ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. സ്റ്റേഷനുകളിലും കൺട്രോൾ റൂം പ്രവർത്തിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നതിന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ എമർജെൻസി റെസ്‌പോൺസ് ടീം രൂപികരിച്ചിട്ടുണ്ട്.
രക്ഷാ ഉപകരണങ്ങൾ റൂറൽ ഡി.എച്ച്.ക്യുവിൽ ഒരുക്കിയിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 9497980500.