ആലങ്ങാട്: കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞ് ഇരുതീരങ്ങളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കരുമാല്ലൂരിലെ മനയ്ക്കപ്പടി മുറിയാക്കൽ, പുറപ്പള്ളിക്കാവ്, മാട്ടുപുറം പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി. മുറിയാക്കലിൽ വീടുകളിൽ വെള്ളം കയറിയ അഞ്ച് കുടുംബങ്ങളെ തട്ടാംപടി സ്‌കൂളിലേക്ക് മാറ്റാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിൽ ചേർന്ന സർവ്വകക്ഷിയോഗ തീരുമാനപ്രകാരം സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച് പുറപ്പിള്ളിക്കാവ് റഗുലേറ്ററിന്റെ എല്ലാ ഷട്ടറുകളും മുഴുവനായും തുറന്നതുമൂലം സമീപ തീരപ്രദേശത്ത് കരയിലേക്ക് കയറുന്നുണ്ട്.

ആലങ്ങാട് പഞ്ചായത്തിലെ മാളികം പീടിക തിരുവാല്ലൂർ റോഡിലും വാതുറക്കാവിലും തിരുവാല്ലൂർ കനാൽപറമ്പോക്ക് കോളനിയിലും വെള്ളം പൊങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടിലായ കോളനിയിലെ രണ്ട് വീട്ടുകാരോട് തിരുവാല്ലൂർ എൽ.പി സ്‌കൂളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെ തുടങ്ങിയ നീരൊഴുക്ക് ഉച്ചയോടെ മയപ്പെട്ടെങ്കിലും രാത്രി മഴ ശക്തിപ്പെട്ടാൽ സ്ഥിതി രൂക്ഷമായാൽ സാദ്ധ്യതയുണ്ട്.