marachillakal-paravur-tow

പറവൂർ: ദുരന്തനിവാരണ മാർഗനിർദേശപ്രകാരവും നഗരത്തിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാനും നഗരത്തിലെ പ്രധാന റോഡുകളിൽ അപകടസാദ്ധ്യതയുള്ള മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റിയത് നീക്കം ചെയ്യുന്നതിനെ ചൊല്ലി നഗരസഭയും കെ.എസ്.ഇ.ബിയും തമ്മിൽ തർക്കം. പ്രധാന റോഡരികുകളിൽ കൂട്ടിയിട്ടിരിക്കുന്ന മരച്ചില്ലകൾ ഒരാഴ്ച കഴിഞ്ഞിട്ടും നിക്കം ചെയ്തിട്ടില്ല. ഫുട്പാത്തുകളിലും വാഹന പാർക്കിംഗ് സ്ഥലങ്ങളിലുമെല്ലാം മരച്ചില്ലകൾ നിറഞ്ഞു കിടക്കുകയാണ്.

കെ.എസ്.ഇ.ബിയാണ് മരച്ചില്ലകൾ വെട്ടിയത്. ഇവ നീക്കാൻ ചെയ്യാൻ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കെ.എസ്.ഇ.ബി സബ്ഡിവിഷൻ ഓഫീസിന് അടുത്തും മരച്ചില്ലകൾ കുന്നുകൂടി കിടക്കുന്നുണ്ട്. നഗരസഭ നീക്കം ചെയ്യട്ടെയെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി അധികൃതർ. കഴിഞ്ഞ മാസം 13ന് നഗരസഭ ചെയർപേഴ്സൺ വിളിച്ച് ചേർത്ത യോഗത്തിൽ കെ.എസ്.ഇ.ബി വെട്ടിമാറ്റുന്ന ചില്ലകൾ അവർ തന്നെ നീക്കം ചെയ്യുമെന്ന് ഉറപ്പ് നൽകിയതായി നഗരസഭാ അധികൃതർ പറയുന്നു. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തടസമായിട്ടും പൊലീസും വിഷയത്തിൽ ഇടപെട്ടിട്ടില്ല.