പറവൂർ: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താലൂക്കിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുന്നുകര, പുത്തൻവേലിക്കര, ചേന്ദമംഗലം, കടുങ്ങല്ലൂർ, ഏലൂർ എന്നിവടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്.

കുന്നുകരയിൽ വയൽക്കര ഗവ. എൽ.പി. സ്കൂൾ കുന്നുവയൽ, പുത്തൻവേലിക്കരയിൽ ഇളന്തിക്കര ജി.എൽ.പി.എസ്, ചേന്ദമംഗലത്ത് പാലാതുരുത്ത് സംഘമിത്ര ഹാൾ, ഏലൂരിൽ ഫാക്ടിന്റെ ഈസ്റ്റേൺ യു.പി സ്കൂൾ, കടുങ്ങല്ലൂരിൽ കുറ്റിക്കാട്ടുകര ഗവ. യു.പി.എസ്, ഐ.എ.സി യൂണിയൻ ഓഫിസ് ഹാൾ, മുപ്പത്തടം ജി.എച്ച്.എസ് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്.

ചാലക്കുടിയാറും പെരിയാറും കരകവിഞ്ഞൊഴുകി കണക്കൻകടവ് - ആലമറ്റം റോഡ്, തേലത്തുരുത്ത് കോളനി ചൗക്കക്കടവ് ലിങ്ക് റോഡ്, പള്ളം റോഡ് തുടങ്ങി വിവിധ പഞ്ചായത്തുകളിലായി ഒട്ടേറെ റോഡുകൾ വെള്ളത്തിൽ മുങ്ങി. പുത്തൻവേലിക്കരയിൽ വെള്ളാട്ടുപ്പുറം, തെനപ്പുറം, കോഴിത്തുരുത്ത്, തേലത്തുരുത്ത്, ചെറുകടപ്പുറം മേഖലയിൽ വീടുകളിൽ വെള്ളം കയറി. ഒട്ടേറെപ്പോൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി. കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി. ചേന്ദമംഗലം പഞ്ചായത്തിൽ തെക്കുംപുറം ഭാഗത്തെ താഴ്ന്ന പ്രദേശത്തുള്ള വീട്ടുകാരെയാണ് പാലാതുരുത്ത് സംഘമിത്ര ഹാളിലേക്ക് മാറ്റിയത്. പുഴയോട് ചേർന്നും താഴ്ന്നതുമായ പ്രദേശങ്ങളും വെള്ളത്തിലായത്. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കാറ്റിൽ പറവൂർ പെരുവാരം - പടമടം റോഡിൽ മരം കടപുഴകി വീണ് ഒമ്പത് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു.

നഗരത്തിൽ മുൻകരുതൽ

ദുരന്ത നിവാരണത്തിന്റെ ഭാഗമായി പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതിയുടെ അദ്ധ്യക്ഷതയിൽ കൗൺസിലർമാരുടെയും വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. താലൂക്ക് ആശുപ്രതിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഡി.എം.ഒയ്ക്ക് കത്ത് നൽകി. വാർഡ് തലത്തിൽ അഞ്ച് വീതം എമർജൻസി റെസ്ക്യൂ ടീമുകളുടെ യോഗം ഉടൻ വിളിക്കും വിവരങ്ങൾക്ക്: 0484 2442327, 9496602466, 7907413784.

ചിറ്റാറ്റുകരയിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ആവശ്യം വന്നാൽ പഞ്ചായത്തിൽ നാല് കേന്ദ്രങ്ങളിലായി ക്യാമ്പുകൾ തുറക്കുന്നതിനും തീരുമാനിച്ചു.