ആലുവ: സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുള്ള ആലുവയിലെ വിത്തുത്പാദന കേന്ദ്രത്തിലെ സമഗ്ര അടിസ്ഥാന സൗകര്യവികസന പദ്ധതികൾ ഇന്ന് രാവിലെ ഒമ്പതിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി, കളക്ടർ ഡോ. രേണുരോജ് എന്നിവർ മുഖ്യാതിഥികളാകും.

പെരിയാറാൽ ചുറ്റപ്പെട്ട ആലുവ ഫാമിന് അതിരുകളിൽ സംരക്ഷണഭിത്തി, ബോട്ട് ജെട്ടികൾ, ദേശം റോഡിൽ നിന്ന് തുമ്പക്കടവിലേക്കു അപ്രോച്ച് റോഡ്, തൂമ്പാക്കടവിനു കുറുകെ ഒരു പാലം, തൊഴിലാളികൾക്ക് വിശ്രമമുറി, പ്രളയ കാലത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള ആധുനിക രീതിയിലുള്ള കാലിത്തൊഴുത്ത്, പടവുകളോട് കൂടിയ മത്സ്യക്കുളം, ജലസേചന കനാൽ നവീകരണം, വാച്ച് ടവർ, റെയിൽവേ ട്രാക്ക് മുതലുള്ള ഫാം റോഡുകൾ, ഫാം ടൂറിസം അനുബന്ധ പ്രവർത്തന ങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഫാമിന്റെ സമ്പൂർണ്ണ സൗരോർജ്ജവത്കരണവും നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങളും ശതാബ്ദി കവാടത്തിലെ പ്രധാന ബോട്ട് ജെട്ടിയും കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി വിത്തുത്പാദനം, സംയോജിത ജൈവകൃഷി, നടീൽ വസ്തുക്കളുടെ ഉത്പാദനം, കാർബൺ ന്യൂട്രൽ പരിവർത്തനത്തിനുള്ള പ്രവർത്തനങ്ങൾ സോളാർ ഡയർ മുതലായ പ്രവർത്തികളും ലക്ഷ്യമിടുന്നു. കൊച്ചിൻ ഷിപ്യാർഡ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഫാമിന് പുതിയൊരു ബോട്ട് നൽകുന്നതിനുമുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഉല്ലാസ് തോമസ് പറഞ്ഞു.