ksrtc-bypass-rider-bus
അപകടത്തിൽ പെട്ട കെ.എസ്.ആർ.ടി.സി ബസ്.

മരട്: ദേശീയപാതയിൽ നെട്ടൂരിൽ കെ.എസ്.ആർ.ടി.സി ബസ് പച്ചക്കറി ലോറിക്ക് പിന്നിൽ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്. ബസ് ഡ്രൈവർ എറണാകുളം സ്വദേശി ബിനുവിനും ബസിലെ ആറുയാത്രക്കാരിൽ ഒരാൾക്കും ലോറിയിൽ ഉണ്ടായിരുന്ന ഒരാൾക്കുമാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 4ന് നെട്ടൂർ പള്ളിസ്റ്റോപ്പിന് സമീപമുള്ള യുടേണിലാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബൈപ്പാസ് റൈഡർ ബസാണ് അതേദിശയിൽ നെട്ടൂർ പച്ചക്കറി മാർക്കറ്റിലേക്ക് ചരക്കുമായിവന്ന തമിഴ്നാട് ലോറി യൂടേൺ തിരിയുന്നതിനിടെ പിന്നിൽ ഇടിച്ച് ലോറി മറിയുകയും ബസ് അവിടെ നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിക്കുകയുമായിരുന്നു. പനങ്ങാട് പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ബസിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് പുറത്തെടുത്തത്. കാലിന് പരിക്കുണ്ട്. റോഡിൽ വീണ പച്ചക്കറി ചാക്കുകൾ തൊഴിലാളികളെത്തി മറ്റു വാഹനങ്ങളിലേക്ക് നീക്കി.