ഫോർട്ടുകൊച്ചി: കടലിലും അഴിമുഖത്തുമായി അപകടത്തിൽപ്പെട്ട നാല് ബോട്ടുകളിലെ 20ഓളം മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷിച്ചു. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുന്നു.
ബോട്ടുകളുടെ എൻജിൻ തകരാറിലായതിനെ തുടർന്നാണ് രക്ഷാദൗത്യവുമായി തീരസേന എത്തിയത്. തിരുവനന്തപുരത്ത് നിന്നുള്ള തിയ്യമോൾ എന്ന ബോട്ടിലെ രണ്ടുപേരെയാണ് കാണാതായത്. ചേറ്റുവ ഹാർബറിന് സമീപം അപകടത്തിപ്പെട്ട ഈ ബോട്ടിലുണ്ടായിരുന്ന നാല് പേർ നീന്തിക്കയറി. വാടാനപ്പള്ളിക്ക് സമീപം പുറംകടലിൽ എൻജിൻ നിലച്ച് അപകടത്തിലായ റഷീദമോൾ എന്ന ബോട്ടും അഞ്ച് തൊഴിലാളികളെയും തീരദേശസേന കൊച്ചിയിലെത്തിച്ചു. ആലപ്പുഴയ്ക്ക് സമീപം എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ വടക്കേത്തോപ്പിൽ, ജോൺ ബെർനിക് എന്നീ ബോട്ടുകളെ തീരദേശ സേനയുടെ സാക്ഷ്യം കപ്പലെത്തി കരയ്ക്കെത്തിച്ചു. ഈ ബോട്ടുകളിലെ 16ഓളം മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണെന്നാണ് വിവരം.