കൊച്ചി: നഗരത്തിലെ സൈലന്റ് സോണുകളും നോ ഹോൺ സോണുകളുമെവിടെയെന്ന് ഹൈക്കോടതി. ഇത്തരം മേഖലകളിൽ മൂന്നാഴ്‌ചയ്ക്കകം അടയാള ബോർഡുകൾ സ്ഥാപിക്കണമെന്ന് കൊച്ചി നഗരത്തിലെ ട്രാഫിക്, പാർക്കിംഗ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഹർജിയിൽ ജസ്റ്റിസ് അമിത് റാവൽ നിർദ്ദേശിച്ചു.

നഗരത്തിലെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കർശന നടപടിയെടുക്കുന്നുണ്ടെന്നും ബോധവത്കരണ ക്ളാസുകൾ എടുക്കുന്നുണ്ടെന്നും അസി. പൊലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി പരിസരത്തെ ട്രാഫിക് കുരുക്ക് പരിഹരിക്കാൻ നടപടി വേണമെന്നും നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി ജീവനക്കാരുടെയും കേസിനായി ഹൈക്കോടതിയിലെത്തുന്നവരുടെയും അഭിഭാഷകരുടെയും വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമില്ലാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നഗരത്തിൽ നോ ഹോൺ മേഖലകൾ ഏതൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യം വ്യക്തമാക്കി ബോർഡുകൾ ഇനിയും സ്ഥാപിച്ചിട്ടില്ല. നഗരത്തിൽ 80 സ്കൂളുകൾ, 21 കോളേജുകൾ, 31 ആശുപത്രികൾ, 11 മറ്റു സൈലന്റ് സോണുകൾ എന്നിവയുണ്ട്. ഈ സാഹചര്യത്തിൽ ഹോണുകൾ ഉപയോഗിക്കാൻ പാടില്ലാത്ത മേഖല അടയാളപ്പെടുത്തണമെന്നും ഇവിടങ്ങളിൽ ഹോൺ ഉപയോഗിക്കരുതെന്നു പൊതുജനങ്ങളെ ബോധവത്കരിക്കാൻ വിപുലമായ നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പലതവണ നിർദ്ദേശം നൽകിയിട്ടും വാഹനങ്ങളിൽ പ്രഷർ ഹോണുകൾ ഇപ്പോഴുമുണ്ടെന്നും ഇവയുടെ ഉപയോഗം തടയാൻ കർശന നടപടി വേണമെന്നും ഉത്തരവിൽ പറയുന്നു.

മറൈൻഡ്രൈവിലെ പാർക്കിംഗ് ഗ്രൗണ്ടിൽ സ്ഥലമുള്ളപ്പോൾ വാഹനങ്ങൾ പുറത്ത് റോഡിൽ പാർക്കു ചെയ്യാൻ അനുവദിക്കരുത്. ഇക്കാര്യത്തിൽ നടപടിയെടുക്കാത്ത പൊലീസുകാർക്കെതിരെ കമ്മിഷണർ അച്ചടക്ക നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

നോ ഹോൺ​ നി​ർദ്ദേശങ്ങൾ

കൊച്ചി മേഖലയിലെ റേഡിയോ ചാനലുകളിൽ ഇതു സംബന്ധിച്ച അറിയിപ്പുകൾ തുടർച്ചയായി നൽകണം.

ട്രാഫിക് സിഗ്നലുകളുള്ള ജംഗ്ഷനുകളിൽ സ്പീക്കർ സ്ഥാപിച്ച് ഇക്കാര്യം അറിയിപ്പായി നൽകണം.

വാഹനയാത്രക്കാർക്കും ഡ്രൈവർമാർക്കുമായി ഇത്തരം അറിയിപ്പുകളിലൂടെ ബോധവത്കരണം സാദ്ധ്യമാണ്