ice
ഐസ് കച്ചവടം

കൊച്ചി: അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനയി​ൽ പി​ടി​ച്ചുനി​ൽക്കാനാകാതെ വി​ലകൂട്ടി​ നിർമ്മാതാക്കൾ. അമോണിയ, ഓയിൽ, ഐസ് കാൻ, സ്പെയർ‌ പാർട്സുകളുടെ വി​ല വർദ്ധന വലി​യ പ്രതി​സന്ധി​യാണ് സൃഷ്ടി​ച്ചി​രി​ക്കുന്നത്.

തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള എല്ലാ മേഖലകളിലും ഒരു ബ്ലോക്ക് ഐസിന് 100 രൂപയെന്ന ഒറ്റവിലയാക്കിയാണ് ഐസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ വർദ്ധിപ്പിച്ചി​ട്ടുള്ളത്. എന്നാൽ ഡിമാൻഡ് കുറവായതിനാൽ നഷ്ടം സഹിച്ച് പലരും 80 രൂപയ്ക്കാണ് വിൽക്കുന്നത്.

സംസ്ഥാനത്ത് 500ൽ അധികം ഐസ് പ്ലാന്റുകളാണുള്ളത്. ഒരു പ്ലാന്റ് നിർമ്മിക്കുന്നതിന് 10 സെന്റ് സ്ഥലം എങ്കിലും ആവശ്യമാണ്. കോടികൾ മുതൽ മുടക്കി പ്ലാന്റ് നിർമ്മിച്ച് ലാഭം ഇല്ലാത്ത സ്ഥിതിയിൽ വലയുകയാണെന്ന് നിർമ്മാതാക്കൾ പറയുന്നു. മുമ്പ് 1200 രൂപ മുടക്കി വാങ്ങിയിരുന്ന ഐസ് കാൻ നാലുവർഷം വരെ നിൽക്കും. ഇപ്പോൾ ഇരട്ടി വില കൊടുത്തു വാങ്ങുന്നവയ്ക്ക് ഒരു വർഷം പോലും ആയുസില്ല. പ്രതിവ‌‌ർഷം ഐസ് കാൻ വാങ്ങാൻ രണ്ട് മുതൽ മൂന്ന് ലക്ഷം വരെ രൂപ ചെലവാകുമെന്നും ഇവർ പറയുന്നു.

അസംസ്കൃത വസ്തുക്കളുടെ വില

(പഴയ വില, ഇപ്പോഴത്തെ വില)

ഐസ് കാൻ- 1200, 2300

അമോണിയ - 45- 70

കംപ്രസർ ഓയിൽ- 90- 240

ട്രോളിംഗ് നിരോധനം, കാലവർഷം, കടൽക്ഷോഭം എന്നിവ ഉണ്ടാകുമ്പോൾ ഐസ് പ്ലാന്റുകൾ പൂട്ടും. ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഒപ്പം വർഷാവർഷം തൊഴിലാളികളുടെ കൂലിയും വർദ്ധിപ്പിക്കണം. പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുകയാണ്.

കെ. ഉത്തമൻ, ജനറൽ സെക്രട്ടറി

കേരള സ്റ്റേറ്റ് ഐസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ