
കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ മന്ത്രി ആന്റണി രാജുവിനെതിരായ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്‌തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാരിനും പരാതിക്കാരനായ മുൻശിരസ്‌തദാർ ടി.ജി. ഗോപാലകൃഷ്‌ണൻ നായർക്കും നോട്ടീസ് നൽകാനും ഉത്തരവിട്ടു. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹർജി 31ന് വീണ്ടും പരിഗണിക്കും.
കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് കേസെടുക്കാൻ പൊലീസിന് അധികാരമില്ലെന്നും, കോടതി നേരിട്ടാണ് ഇതിൽ നടപടി സ്വീകരിക്കേണ്ടതെന്നും ഹർജിക്കാരൻ വാദിച്ചു. ഇതിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ച് സ്റ്റേ അനുവദിച്ചത്.
തൊണ്ടി ക്ളാർക്കായിരുന്ന ജോസ്, ആന്റണി രാജു എന്നിവർക്കെതിരെ 2006 മാർച്ച് 24ന് കുറ്റപത്രം നൽകിയ കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി ജോർജ് വട്ടുകുളം നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.