pic
കടലിന്റെ മക്കൾ

കൊച്ചി: കടലിന്റെ മക്കൾക്ക് ദുരി​തകാലം ഒഴി​യുന്നി​ല്ല. 52 ദിവസത്തെ ട്രോളിംഗ് കഴിഞ്ഞ് കടലും കാലവും തെളി​യുമെന്ന പ്രതീക്ഷയി​ലായി​രുന്നു എല്ലാവരും. എന്നാൽ എല്ലാം തകർത്ത് കൊണ്ടെത്തി​ കാലവർഷക്കെടുതി​.

ട്രോളിംഗ് കഴിഞ്ഞ് ആഗസ്റ്റ് ഒന്നിനാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോയത്. അന്നുതന്നെ കടൽക്ഷോഭം മൂലം നിരോധനം ഏർപ്പെടുത്തി ഇവരെ തിരിച്ചു വിളിപ്പിക്കുകയായിരുന്നു. കടലിൽ നിറയെ മത്സ്യം ഉണ്ടെങ്കിലും പിടിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലിൽ പോകുന്ന തൊഴിലാളികളെക്കാളും ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് കയറ്റിറക്ക് തൊഴിലാളികളും ഐസ് എടുക്കുന്നവ‌ർ, മറ്റ് ഹാർബർ തൊഴിലാളികൾ എന്നിവ‌രാണ്. പുറംകടലിൽ പോകുന്നവർ കായലുകളിലും മറ്റ് ജോലിക്കു പോകുന്നതിനാൽ അവർക്ക് എന്നും വരുമാനം ലഭിക്കും. എന്നാൽ മത്സ്യം എത്തിയില്ലെങ്കിൽ ഇത്തരത്തിൽ ഹാർബറുമായി ബന്ധപ്പെട്ട് ജോലി എടുക്കുന്നവരുടെ കുടുംബം പട്ടിണിയിലാണ്. ബോട്ടിൽ പോകുന്നവരിൽ അധികവും തമിഴ്നാട്ടിലെ കുളച്ചൽ സ്വദേശികളാണ്. ഒരു ബോട്ടിൽ പരമാവധി രണ്ട് മലയാളികൾ മാത്രമേ ഉണ്ടാകൂ. ഇപ്പോൾ കിളിമീൻ, കണവ, കൂന്തൽ എന്നീ മത്സ്യങ്ങളാണ് കൂടുതലുള്ളത്. ഇവ കടലിന്റെ അടിത്തട്ടിലാണുള്ളത്. മത്തി കൂടുതലുണ്ടെങ്കിലും ചെറിയ മത്തി ആയതിനാൽ പിടിക്കാറില്ല.

ജില്ലയിലെ ഹാർബറുകൾ

ചെല്ലാനം

തോപ്പുംപടി

കാളമുക്ക്

മുനമ്പം

സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകൾ- 3800

മത്സ്യത്തൊഴിലാളികൾ- 45600

മണ്ണെണ്ണ എൻജിൻ- 14,322

മൾട്ടിഡേ ബോട്ടിന് ആവശ്യമായ ഡീസൽ- 3000-4000 ലിറ്റർ

കൈവലി ബോട്ടിന് ആവശ്യമായ ഡീസൽ- 200-20 ലിറ്റർ

വള്ളത്തിന് ആവശ്യമായ മണ്ണെണ്ണ- 200 ലിറ്റർ

.................................................

നാലുവരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയില്ല. പലരും കടം വാങ്ങിയാണ് ബോട്ട് ഇറക്കുന്നത്. മാസങ്ങളായി കടലിൽ പോകാത്തതിനാൽ പലരും വലിയ കടബാദ്ധ്യതയിലാണ്.

ചാൾസ് ജോർജ്,

സംസ്ഥാന പ്രസിഡന്റ്

കേരള മത്സ്യത്തൊഴിലാളി ഐക്യവേദി

മത്സ്യത്തൊഴിലാളികളുടെ കുടുംബം കഷ്ടത്തിലാണ്. ട്രോളിംഗ് നിരോധനം മാറിയ ഉടൻ തന്നെ കടൽക്ഷോഭം വന്നത് ഞങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല കടലിൽ ചെറുമീനുകളായതിനാൽ ഇവയെ പിടിക്കാനും പറ്റില്ല.

രേഖ കാർത്തികേയൻ

മത്സ്യത്തൊഴിലാളി