gandhi
സമകാലിക സമൂഹത്തിലെ മഹാത്മാഗാന്ധി എന്ന വിഷയത്തിൽ മഹാരാജാസ് കോളേജിൽ നടന്ന സെമിനാറിൽ എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ തുഷാർ ഗാന്ധി സംസാരിക്കുന്നു.

കൊച്ചി: രാജ്യസ്‌നേഹം മതാധിഷ്ഠിതമാക്കാൻ ശ്രമം നടക്കുന്നുവെന്ന് എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ തുഷാർ ഗാന്ധി പറഞ്ഞു. മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗവും ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസ്‌നേഹത്തെ രാഷ്ട്രീയവത്കരിക്കാനും ആചാരവത്കരിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. ദേശീയപതാക സോഷ്യൽ മീഡിയയിൽ പ്രൊഫൈലാക്കി മാറ്റിയാൽ രാജ്യസ്‌നേഹമായെന്ന ചിന്തയെ പരിഹാസ്യമെന്നേ പറയാനാകൂ.

രാജ്യസ്നേഹമെന്നത് പരസ്യങ്ങളിലൂടെയുള്ള സൂത്രവിദ്യയല്ല. രാജ്യസ്‌നേഹം തെളിയിക്കേണ്ടത് ദൈനംദിന ജീവിതത്തിലൂടെയാണ്. രാജ്യത്തെ എല്ലാ ജനങ്ങളോടുമുള്ള സ്‌നേഹത്തെയേ രാജ്യസ്‌നേഹമെന്ന് വിലയിരുത്താനാകൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തലമുറകൾ രാജ്യത്തോടുള്ള ഉത്തരവാദിത്വം മറക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം മുമ്പുള്ളവർ ആവശ്യത്തിലധികം ത്യാഗം അനുഭവിച്ചിട്ടുണ്ടെന്നും ഇനി അത് ആസ്വദിക്കാനുള്ള കാലമാണ് മുന്നിലുള്ളതെന്നുമുള്ള ചിന്തയിലാണ് ഏറെപ്പേരെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുതിയ തലമുറയിൽ തനിക്ക് പ്രതീക്ഷയുണ്ട്.

കോളേജ് പ്രിൻസിപ്പൽ ഡോ. വി.പി.ജോയ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. വിനോദ്‌കുമാർ കല്ലോലിക്കൽ, ഡോ. സുരേഷ്. വി.എൻ, ഡോ.എം.എസ്. മുരളി, ഡോ.ജയ. എസ്, ഷിനാസ് എ.എം, ഡോ. ഷീബ കെ.എസ് തുടങ്ങിയവർ സംസാരിച്ചു.