പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ പ്രളയ പ്രവർത്തന അവലോകന യോഗം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എം എൽ എ ചെയർമാനായി താലുക്ക് ദുരന്തനിവാരണ സേന രൂപീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പ്രളയത്തിൽ സംഘടനകൾ ഏറ്റെടുത്തു നടപ്പിലാക്കേണ്ട സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ, പ്രളയത്തെ ചെറുക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ഏറ്റെടുത്തു നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു.
പ്രവർത്തനങ്ങളുടെ മാർഗ്ഗനിർദേശം തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം.എൽ.എ നിർദേശം നൽകി. പ്രളയ പ്രദേശങ്ങൾ മുൻകൂട്ടി പ്രവചിക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തി അപകടങ്ങൾ തടുക്കാനും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ കാനകൾ വൃത്തിയാക്കുക, അപകട ഭീഷണിയുയർത്തുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റിമാറ്റുക, വ്യക്തിശുചിത്വ അവബോധം സൃഷ്ടിക്കുക എന്നീ പ്രവർത്തനങ്ങളാണ് താലൂക്ക് ദുരന്തനിവാരണ സേന ഏറ്റെടുത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ബി .ഹമീദ്, മിനി ബാബു, ഷിജി ഷാജി, പി.പി. അവറാച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, ശാരദ മോഹൻ, കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ്, ഭൂരേഖ തഹസിൽദാർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.