കൊച്ചി: വടുതല ബണ്ട് പൊളിക്കൽ നടപടികൾ അനന്തമായി നീളുന്നതിനിടെ ജലസേചന വകുപ്പ് സൂചിപ്പിച്ച എല്ലാ സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയിൽ വെള്ളം കയറി.
ചേരാനല്ലൂർ, മുട്ടാർ, കളമശേരി, ആലുവ, വരാപ്പുഴ, കാലടി, മുളവുകാട്, കുറുങ്കോട്ട, ഏലൂർ എന്നിവിടങ്ങളിൽ പലഭാഗത്തും മുട്ടിന് മുകളിൽ വെള്ളമെത്തി. ബണ്ടുമൂലം മഴക്കാലത്ത് വെള്ളപ്പൊക്കമുറപ്പെന്ന് വകുപ്പ് പഠന റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്ന സ്ഥലങ്ങളാണിത്. ബണ്ട് തുടങ്ങുന്ന ഭാഗം മുതൽ 50 കിലോമീറ്റർ നീളത്തിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്.
ചങ്ങാടംപൊക്ക് തോട്, വടുതല, കിഴക്കൻ വടുതല, ഡോൺബോസ്‌കോ, പൈനടിദ്വീപ് എന്നിവിടങ്ങളിലും വെള്ളമുയർന്നു. ഇതിനു കാരണമായതും ബണ്ടാണെന്ന് ജലസേചന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ബണ്ടുമൂലം സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതിനാൽ വെള്ളം പരന്നൊഴുകുന്നതാണ് വീടുകളിൽ വെള്ളം കയറാൻ കാരണം.
2018ലെയും 2019ലെയും വെള്ളപ്പൊക്ക സമയത്തും കഴിഞ്ഞ വർഷത്തെ മഴയിലും പ്രദേശത്തെ ജനങ്ങൾ വലിയ ദുരിതമാണ് നേരിട്ടത്.
പ്രാഥമിക റിപ്പോർട്ട് ഇന്ന് കോടതിയിൽ
ബണ്ട് നീക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശ പ്രകാരം രൂപീകരിക്കപ്പെട്ട സമിതി ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. കഴിഞ്ഞമാസമാദ്യം പ്രാഥമിക റിപ്പോർട്ടും അതിനുശേഷം മൂന്ന് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും നൽകണമെന്നായിരുന്നു നിർദേശം. പാലം നിർമ്മിച്ച അഫ്കോൺസും കരാർ നൽകിയ റെയിൽവികാസ് നിഗം ലിമിറ്റഡും ഒപ്പിടാത്തതിനാലാണ് പ്രാഥമിക റിപ്പോർട്ട് സമർപ്പണം വൈകിയത്. ഇതേത്തുടർന്ന് സമിതി അദ്ധ്യക്ഷൻ അംഗങ്ങൾക്ക് റിപ്പോർട്ട് വീണ്ടും അയച്ചു. ഇരു വിഭാഗവും ഒപ്പിട്ടതോടെയാണ് റിപ്പോർട്ട് ഇന്ന് കോടതിയിലെത്തുന്നത്.
ബണ്ട് ഇല്ലായിരുന്നുവെങ്കിൽ പെരിയാറ്റിലെ നിർദിഷ്ട ഭാഗത്ത് ഒഴുക്ക് സുഗമമായേനെ.
സൂപ്രണ്ടിംഗ് എൻജിനിയർ
ജലസേചന വകുപ്പ്