തൃപ്പൂണിത്തുറ: പുത്തൻകാവ് പൂത്തോട്ട 8, 9 വാർഡുകളിൽ രൂക്ഷമായ പേപ്പട്ടി ശല്യം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഒമ്പതാം വാർഡിൽ ചത്ത ഒരു നായയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ റിപ്പോർട്ട് പോസിറ്റീവ് ആയിരുന്നു. തിങ്കളാഴ്ച മുതൽ പലരെയും ഓടിനടന്ന് കടിക്കുകയും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാരെ ആക്രമിക്കുകയും ചെയ്ത മറ്റൊരു നായ ചൊവ്വാഴ്ച എട്ടാം വാർഡിൽ ചത്തതായി കാണപ്പെട്ടു. ആ നായയയ്ക്കും പേവിഷബാധയാണെന്നാണ് ഇന്നലെ വൈകിട്ട് കിട്ടിയ റിപ്പോർട്ട്. വളർത്ത് മൃഗങ്ങളുമായി ഇടപെടുന്നവരും കാൽനടയാത്രക്കാരും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ഉദയംപേരൂർ പഞ്ചായത്ത് 8-ാം വാർഡ് മെമ്പർ എം.പി. ഷൈമോൻ അറിയിച്ചു.