മൂവാറ്റുപുഴ: വെള്ളപ്പൊക്ക ഭീഷണിയുടെ ആശങ്കയൊഴിയാതെ മൂവാറ്റുപുഴ. കനത്ത മഴയെതുടർന്ന് മൂവാറ്റുപുഴയാർ കരകവിഞ്ഞ് ഒഴുകിയതിനതുടർന്ന് നഗരത്തിലെയും സമീപ പ്രദേശങ്ങലിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. ഇതേ തുടർന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.
രാത്രയോടെ വെള്ളത്തിന്റെ കുത്തൊഴുക്ക് കുഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലും ഇടറോഡുകളിലും നിന്ന് വെള്ളം ഇറങ്ങിയിരുന്നു. ഇത് തെല്ല് ആശ്വാസത്തിന് വകനൽകി. എന്നാൽ ഇന്നലെ ഉച്ചയോടെ വീണ്ടു മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളം കയറിതുടങ്ങിയത് ജനങ്ങൾ വീണ്ടും ആശങ്കയിലായി.
കാളിയാർ, തോടുപുഴ, കോതമംഗലം ആറുകളിൽ ജലനിരപ്പ് ഉയർന്നതാണ് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് വീണ്ടും ഉയരാനിടയായത്. നഗരത്തിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി അന്യസംസ്ഥാനത്തൊഴിലാളികളടക്കം 150 ഓളം പേർ ഇപ്പോഴുമുണ്ട്. ഇവർതാമിസിക്കുന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം പൂർണ്ണമായും താഴ്ന്നാൽ മാത്രമെ വീടുകളിലേക്ക് മടങ്ങുവാൻ കഴിയൂ. മഴതുടരുന്നതും ജലനിരപ്പ് ഉയരുന്നതും ക്യാമ്പിൽ താമസിക്കുന്നവർക്ക് ഇനിയും ദിവസങ്ങളോളം ക്യാമ്പിൽ തന്നെ കഴിയേണ്ടി വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത് . ആരോഗ്യ വിഭാഗം, റവന്യൂ, നഗരസഭാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.