മൂവാറ്റുപുഴ: നഗരത്തിൽ രണ്ടിടത്ത് മോഷണ ശ്രമം. മഴക്കാല മോഷ്ടാക്കൾ നഗരത്തിലെത്തിയതായി സൂചന. നഗരത്തിലെ ഹൈസ്കൂൾ റോഡിലും മുറിക്കൽ കോളനിയിലുമുള്ള രണ്ട് വീടുകളിലാണ് ഇന്നലെ പുലർച്ചെ മോഷണശ്രമം നടന്നത്. മുറിക്കൽ കോളനിയിലെ മുറിക്കല്ലിൽ ബേബിയുടെ വീട്ടിൽ രാത്രി 12 മണിയോടെ എത്തിയ മോഷ്ടാവ് പുറകു വശത്തെ വാതിൽ പൊളിച്ച് അകത്തു കയറി. ഇയാളുടെ ഭാര്യയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.
ശബ്ദംകേട്ട് ഉണർന്ന ഇവർ ഒച്ചവച്ചതോടെ മോഷ്ടാവ് ഓടിരക്ഷപെടുകയായിരുന്നു. പിന്നീട് പുലർച്ചെ 2 മണിയോടെയാണ് ഹൈസ്കൂൾ റോഡിലെ കണ്ടനാട്ട് പുത്തൻ പുരയിൽ അതുൽ തോമസിന്റ വീട്ടിൽ മോഷണ ശ്രമമുണ്ടായത്. വീടിന്റെ പിൻവശത്തു ള്ള ഗ്രില്ലും വാതിലും തകർക്കുന്നശബ്ദം കേട്ട് ഉണർന്ന അതുൽസമീപത്തു താമസിക്കുന്ന മുനിസിപ്പൽ കൗൺസിലർ ജിനു മടേക്കനെ വിവരമറിയിച്ചു. ഇവർ എത്തുന്ന ശബ്ദം കേട്ടതോടെ മോഷ്ടാവ് വീട്ടിൽ നിന്ന് ഇറങ്ങി ഓടിരക്ഷപെടുകയായിരുന്നു. അടുത്ത ദിവസമാണ് അതുൽ വിവാഹിതനായത്. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും പൊലീസും പരിസരമാകെ അരിച്ചു പെറുക്കിയിട്ടും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.