കൊച്ചി: ജൂലായ് 15 മുതൽ 18 വയസിനു മുകളിലുള്ളവർക്ക് കരുതൽ വാക്‌സിൻ വിതരണം സൗജന്യമാക്കിയ ശേഷം വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 40,000 കടന്നു. 18 ദിവസം കൊണ്ട് 40,385പേരാണ് സൗജന്യ കരുതൽ വാക്‌സിനെടുത്തത്.

സൗജന്യ കരുതൽ വാക്‌സിനേഷന് മികകച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മഴ മൂലം കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രമാണ് വാക്‌സിനെടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നതെന്നും വാക്സിനേഷൻ നോഡൽ ഓഫീസർ ഇൻചാർജ് ഡോ. സിസി അറിയിച്ചു.

വാക്‌സിൻ തീരുന്ന മുറയ്ക്ക് ലഭിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ചൊവ്വാഴ്ച 15,000 ഡോസ് വാക്‌സിൻ എത്തി. നിലവിൽ 20,000 ഡോസ് കൊവീഷീൽഡും 15,000ഡോസ് കൊവാക്‌സിനും 6,000 ഡോസ് കോർബെ വാക്‌സിനും ജില്ലയിൽ സ്‌റ്റോക്കുണ്ട്.

ജില്ലയിൽ 18ന് മുകളിലുള്ള 10 ലക്ഷം പേർക്കാണ് കരുതൽ വാക്സിൻ നൽകേണ്ടിവരിക. ഇതിൽ 3,15,076 പേർ ഇതിനോടകം കരുതൽ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. 18മുതൽ 59വയസുവരെ പ്രായമുള്ളവരിൽ 63,706പേരാണ് കരുതൽ ഡോസ് സ്വീകരിച്ചത്. 60 വയസ് മുതലുള്ളവർക്ക് നേരത്തെ തന്നെ കരുതൽ വാക്‌സിൻ സൗജന്യമാക്കിയിരുന്നു. ഈ വിഭാഗത്തിൽ 1,97,336പേർ കരുതൽ വാക്‌സിനെടുത്തു.

ഇന്ന് 59 കേന്ദ്രങ്ങളിൽ
ജില്ലയിൽ ഇന്ന് 59 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ ഉള്ളത്. കൊവീഷീൽഡ് 46 കേന്ദ്രങ്ങളിലും, കൊവാക്സിൻ 12 കേന്ദ്രങ്ങളിലും കോർബെ വാക്സ് ഒരു കേന്ദ്രത്തിലും വിതരണം ചെയ്യും.

രണ്ടാം ഡോസ് വാക്സിൻ എടുത്തശേഷം ആറുമാസം പൂർത്തിയാക്കിയവർക്കാണ് കരുതൽ ഡോസ് സ്വീകരിക്കാൻ കഴിയുക. കരുതൽ വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. സെപ്തംബർ 30വരെ സർക്കാർ കേന്ദ്രങ്ങളിൽ കരുതൽ ഡോസ് സൗജന്യമായി നൽകാനാണ് സർക്കാർ നിർദ്ദേശം.