കൊച്ചി: റേഷൻ അരിയും ഗോതമ്പും വൻതോതിൽ പൂഴ്ത്തിവച്ച രണ്ടുപേർ പൊലീസ് പിടിയിലായി. തിരുത്തി വീട്ടുനമ്പർ 2/1050ൽ ഷബീർ ഉമ്മർ (39), മട്ടാഞ്ചേരി ഈരവേലി ചിനത്തിൽ വീട്ടിൽ നഹാസ് ഖലീദ് (36) എന്നിവരാണ് പിടിയിലായത്. കൂവപ്പാടംനഗർ കോളനി റോഡിൽ ചിൽഡ്രൻസ് പാർക്കിന് എതിർവശത്തുള്ള കെട്ടിടത്തിലാണ് ഇവർ റേഷൻസാധനങ്ങൾ പൂഴ്ത്തിവച്ചത്. ഇവിടെനിന്ന് മൂന്നുചാക്ക് ഗോതമ്പ്, ആറുചാക്ക് വെള്ളക്കുത്തരി, 66 ചാക്ക് ചുവപ്പ് കുത്തരി, 28 ചാക്ക് പച്ചരി, 20 കാലിച്ചാക്കുകൾ, ചാക്ക് തുന്നാൻ ഉപയോഗിക്കുന്ന മെഷീൻ എന്നിവ കണ്ടെടുത്തു.
ആവശ്യസാധന വിഭാഗത്തിൽപ്പെടുന്ന റേഷൻഅരിയും റേഷൻഗോതമ്പും മറ്റും യാതൊരു രേഖകളുമില്ലാതെ അനധികൃതമായി ശേഖരിച്ച് സൂക്ഷിച്ചു വരികയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് മട്ടാഞ്ചേരി അസി. കമ്മിഷണർ ജി. രവീന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. റേഷനിംഗ് ഓഫീസറും സ്ഥലത്തെത്തിയിരുന്നു. മട്ടാഞ്ചേരി എസ്.എച്ച്.ഒ തൃദീപ്ചന്ദ്രൻ, എസ്.ഐമാരായ രൂപേഷ് കെ.ആർ, മധു, ശിവൻകുട്ടി കെ.കെ, എസ്.ഐ അലക്‌സ്,എ.എസ്.ഐ അശോകൻ, എസ്.സി.പി.ഒമാരായ എഡ്വിൻ റോസ്, സി.പി.ഒമാരായ അനീഷ്, അഫ്‌സൽ, മുഹമ്മദ് താഹിർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.