temple

ആലുവ: മഴ ഇന്നലെയും മാറി നിന്നതോടെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. ആലുവ മണപ്പുറത്ത് പെരിയാർ കരകവിഞ്ഞ് നിൽക്കുകയാണെങ്കിലും അപകടാവസ്ഥ ഒഴിവായത് ജനങ്ങൾക്ക് ആശ്വാസമായി.

മണപ്പുറം മഹാദേവ ക്ഷേത്രത്തിനകത്ത് വെള്ളമുണ്ടെങ്കിലും സ്വയംഭൂ ശിവലിംഗമെല്ലാം കാണാൻ കഴിയുന്ന അവസ്ഥയാണ്. മണപ്പുറത്തിന്റെ ഭൂനിരപ്പിൽ നിന്ന് മൂന്നടിയോളം താഴ്ന്നാണ് ക്ഷേത്ര കോമ്പൗണ്ട്. ക്ഷേത്രത്തിലെ മഴവെള്ളം പെരിയാറിലേക്ക് ഒഴുകിപ്പോകാൻ സ്ഥാപിച്ചിട്ടുള്ള ഭൂഗർഭ പൈപ്പ് വഴി ഇപ്പോൾ ക്ഷേത്രത്തിലേക്ക് വെള്ളം കയറുകയാണ്. അതിനാൽ പെരിയാറിൽ ജലനിരപ്പ് ഇനിയും താഴ്ന്നാൽ മാത്രമേ ക്ഷേത്രത്തിനകത്തെ വെള്ളം പൂർണമായി ഇറങ്ങുകയുള്ളു. ക്ഷേത്രത്തിനകത്തെ ചെളി നീക്കം ചെയ്ത ശേഷം പൂജകൾ ആരംഭിക്കും. ജലനിരപ്പ് ഉയർന്നപ്പോൾ വലിയതോതിൽ ചെളിവെള്ളം ഉണ്ടായതിനാൽ ക്ഷേത്രത്തിൽ ചെളിയും മാലിന്യവും വലിയ തോതിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ദിവസങ്ങൾ വേണ്ടിവരും.

പെരിയാറിന്റെ തീരപ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കയറിയ വെള്ളവും ഇന്നലെ ഇറങ്ങിയത് കർഷകർക്ക് വലിയ ആശ്വാസമായി. ഒരു പകൽ പോലും ജലനിരപ്പ് ഉയർന്ന് നിൽക്കാതിരുന്നത് നെല്ല്, കപ്പ, ജാതി, വാഴ ഉൾപ്പെടെ കൃഷി ചെയ്യുന്ന കർഷകർക്ക് വലിയ ആശ്വാസമാണ് ലഭിച്ചത്.

ക്യാമ്പുകളിൽ നിന്ന്

ആളുകളൊഴിയുന്നു

പെരിയാറിലെ ജലനിരപ്പ് അപകടനില ഒഴിവായതോടെ ചൂർണിക്കര എസ്.പി.ഡബ്ല്യു എൽ.പി സ്‌കൂളിലെ ഉൾപ്പെടെ ആലുവ മേഖലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിപ്പിച്ചു. മൂന്ന് ക്യാമ്പുകളിൽ നിന്ന് ആളുകൾ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം മൂന്നര മീറ്ററോളം ഉയർന്ന പെരിയാർ ജലനിരപ്പ് വൈകിട്ട് 1.925 മീറ്റർ ആണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 2.50 മീറ്റർ ആയിരുന്നു. 3.76 മീറ്റർ ആയാൽ പ്രളയ നിലയായാണ് കരുതുന്നത്.

ആലുവ താലൂക്കിൽ ആറ് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചെട്ടിക്കുളം അംഗൻവാടിയിൽ 9, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നെടുമ്പാശ്ശേരിയിൽ 6, മഴുവന്നൂർ അൽഫോൻസാ നഗർ അങ്കണവാടിയിൽ 2, സെഹിയോൻ ഹാൾ നെടുമ്പാശ്ശേരിയിൽ 6, ജി. യു. പി സ്‌കൂൾ കുറുമശ്ശേരിയിൽ 52, പാറക്കടവ് കണ്ണകുഴിശ്ശേരി അങ്കണവാടിയിൽ 10 എന്നിങ്ങനെയാണ് അന്തേവാസികൾ.