
വൈപ്പിൻ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ മുഖ്യധാരയിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വൈപ്പിൻ ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ (ബി.ആർ.സി) ആംബുലൻസ് സൗകര്യമൊരുക്കുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഏറ്റവുമടുത്ത് തന്നെ ഇതിന് തുക വകയിരുത്തും. മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. ബി.ആർ.സി.യിൽ ഭിന്നശേഷി കുട്ടികൾക്കായി രണ്ടു ഘട്ടങ്ങളിലായി നടന്ന മെഡിക്കൽ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി സഹോദരങ്ങളുടെ ഏതാവശ്യത്തിനും അടയന്തര പരിഗണന നൽകും. ഭിന്നശേഷി കുട്ടികളുടെ പഠന കാര്യങ്ങളിൽ സാങ്കേതികമായി പോരായ്മകളുണ്ടെങ്കിൽ അറിയിക്കുന്ന മുറയ്ക്ക് പരിഹരിക്കുമെന്നും എം.എൽ.എ. പറഞ്ഞു. വിവിധ മെഡിക്കൽ വിഭാഗങ്ങൾ നേതൃത്വം നൽകിയ ക്യാമ്പിന്റെ ഇരുഘട്ടങ്ങളിലുമായി ഭിന്നശേഷിക്കാരായ നൂറിൽപ്പരം കുട്ടികൾ പങ്കെടുത്തു.
എടവനക്കാട് ബി.ആർ.സി. ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം അദ്ധ്യക്ഷത വഹിച്ചു. സർവ്വ ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ പി. കെ. മഞ്ജു പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം. ബി. ഷൈനി, വാർഡ് അംഗം കെ. ജെ. ആൽബി, സൈക്കോളജിസ്റ്റ് ഡോ. സിതാര ഭാസി, ബി.ആർ.സി. വൈപ്പിൻ ബി.പി.സി. കെ. എസ്. ദിവ്യരാജ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ജെസ്‌ന ജെയിംസ് എന്നിവർ സംസാരിച്ചു.