പറവൂർ: പറവൂർ താലൂക്കിലെ ഏറ്രവും താഴ്ന്ന പ്രദേശങ്ങളിലൊന്നായ പുത്തൻവേലിക്കരയിൽ ഇന്നലെ മഴ കുറഞ്ഞെങ്കിലും വെള്ളം ഇറങ്ങിയില്ല. എട്ട് ക്യാമ്പുകളിലാണ് ഈപ്രദേശത്തെ കുടുംബങ്ങൾ. മഴ നിലച്ചാൽ ഇന്നോ നാളെയോ വീട്ടിലെത്താമെന്ന പ്രതീക്ഷയിലാണിവർ.
പുത്തൻവേലിക്കര പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രിയും വെള്ളം കയറിയതിനാൽ 150 ഓളം കുടുംബങ്ങൾ ദുരിതത്തിലായി. പഞ്ചായത്തിൽ വെള്ളോട്ടുപുറം, കുത്തിയതോട്, ചെറുകടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. 150 ഓളം കുടുംബങ്ങളിൽ 33 കുടുംബങ്ങൾ കുത്തിയതോട് സെന്റ് ഫ്രാൻസിസ് എൽ.പി സ്കൂളിൽ തുറന്ന ക്യാമ്പിലാണ്. 28 പുരുഷന്മാരും 22 സ്ത്രീകളും മൂന്ന കുട്ടികളുമാണ് ഈ ക്യാമ്പിലുള്ളവർ. മറ്റ് കുടുംബങ്ങൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണ്.
വീട്ടുസാധനങ്ങളും വളർത്തുമൃഗങ്ങളെയും ഉപേഷിച്ചാണ് ഇവർ വീടുവിട്ടിരിക്കുന്നത്. ചാലക്കുടിയാറിൽ നീരൊഴുക്ക് ശക്തമായതാണ് പുത്തൻവേലിക്കരയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ കാരണം. കണക്കൻക്കടവ് റഗുലേറ്ററിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി ജലനിരപ്പ് നിയന്ത്രിക്കുന്നുണ്ട്. ചാത്തേടം, തുരുത്തിപ്പുറം പ്രദേശത്ത് മൂന്ന് സ്കൂളുകളിൽ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആരും എത്തിയിട്ടില്ല.