pic
മഴ

കൊച്ചി: രണ്ടുദിവസമായി ജില്ലയിൽ തിമിർത്തു പെയ്ത മഴയ്ക്ക് ശമനം. ഇന്നലെ പകൽ മഴയൊഴിഞ്ഞു നിന്നതോടെ ജില്ലയിലെ അണക്കെട്ടുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്നു. ആലുവാ മണപ്പുറത്തും വെള്ളമിറങ്ങി. നഗരത്തിലൊരിടത്തും വെള്ളക്കെട്ടില്ല. റെഡ് അലർട്ട് ഓറഞ്ച് അലർട്ടാക്കി.

മഴ കാര്യമായ നാശംവിതച്ച കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്.

 20 ക്യാമ്പുകൾ

ക്യാമ്പുകളുടെ എണ്ണം 20 ആയി. 227 കുടുംബങ്ങളിലായി 766 പേർ. 307 പുരുഷന്മാരും 313 സ്ത്രീകളും 146 കുട്ടികളുമാണ്. 13പേർ മുതിർന്ന പൗരന്മാരും ഒരാൾ ഭിന്നശേഷിക്കാരനുമാണ്. ആലുവ താലൂക്കിൽ ആറും പറവൂർ താലൂക്കിൽ ഒൻപതും കോതമംഗലം താലൂക്കിൽ രണ്ടും മുവാറ്റുപുഴ താലൂക്കിൽ മൂന്നും ക്യാമ്പുകളുണ്ട്.

ചൂർണിക്കര എസ്.പി.ഡബ്ല്യു എൽ.പി സ്‌കൂൾ, മുപ്പത്തടം ജി.എച്ച്.എസ്, കുന്നുശേരി മുസ്ലിം മദ്രസ എന്നീ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി.

 സ്ഥിതി തൃപ്തികരം

നിലവിലെ സ്ഥിതി തൃപ്തികരമാണെന്ന് കളക്ടർ ഡോ. രേണുരാജ് അറിയിച്ചു. മുവാറ്റുപുഴ, പെരിയാർ നദികളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും കളക്ടർ പറഞ്ഞു. എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ഐ.ആർ.എസ് യോഗം ചേർന്നു

കണയന്നൂർ താലൂക്കിലെ ഇൻസിഡന്റ് റെസ്പോണ്ട്സ് സിസ്റ്റം യോഗം ഓൺലൈനായി ചേർന്നു. ഡെപ്യൂട്ടി കളക്ടർ പി. ബി സുനിലാൽ അദ്ധ്യക്ഷനായി. പി ആൻഡ് ടി കോളനിയിൽ ആണ് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത്.