car

ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശേരി ആനിക്കാട് കവലയിൽ കുഴിയിൽ ചാടിയ കാറിന്റെ ആക്സിൽ ഊരിപ്പോയി. കുട്ടമശേരി ചാലക്കൽ സ്വദേശി പി.ഇ. സുധാകരന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.
വാഹനം വേഗത കുറച്ച് പോയതിനാൽ വലിയ അപകടം ഒഴിവായി.

ആനിക്കാട് കവലയിലെ റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ദിവസേന നിരവധി യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സമീപവും മഹിളാലയം ന്യൂ ഇറാ ക്ലിനിക്കിന് സമീപവും വലിയ കുഴികളാണുള്ളത്.

ആലുവ പെരുമ്പാവൂർ റൂട്ടിലെ കുഴികൾ അടയ്ക്കാൻ അധികൃതർ അനാസ്ഥ കാണിക്കുന്നതിൽ പ്രതിഷേധിച്ച് തുടർച്ചയായി രണ്ടാം ദിവസവും നാട്ടുകാർ സമരം ചെയ്തു. താത്കാലിക പരിഹാരമെന്ന നിലയിൽ കുഴികൾ തിരിച്ചറിയുന്നതിന് സൂചന ബോർഡുകളെങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു.