കൊച്ചി: മാലിന്യത്തിൽ നിന്നു വരുമാനമുണ്ടാക്കാൻ കൊച്ചി കോർപ്പറേഷൻ. ഇതിനു മുന്നോടിയായി എല്ലാ ഡിവിഷനിലെയും മാലിന്യശേഖരണവുമായി ബന്ധപ്പെട്ട മുഴുവൻ വി​വരങ്ങളും സമാഹരിക്കും. വീടുകളിലും കടകളിലും നിന്നു മാലിന്യം ശേഖരിക്കുന്നവരുടെ വിവരങ്ങൾ, പ്രതിഫലമായി ഈടാക്കുന്ന തുക, മാലിന്യം എവിടെയാണ് നിക്ഷേപിക്കുന്നത് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് അക്കാര്യം ആരോഗ്യ, ധനകാര്യ സമിതികൾക്ക് കൈമാറണമെന്ന് ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ മേയർ എം. അനിൽകുമാർ നിർദ്ദേശിച്ചു.

യൂസർ ഫീ പിരിക്കുന്ന കാര്യത്തിലെ അപാകതകൾ പരിഹരിക്കുമെന്നും മേയർ പറഞ്ഞു. ഇപ്പോൾ ഹെൽത്ത് ഇൻസ്പക്‌ടർമാരും തൊഴിലാളികളുമാണ് കടകളിൽ നിന്നു യൂസർഫീ പിരിക്കുന്നത്. ഇതു സംബന്ധിച്ച് യാതൊരു കണക്കും കോർപ്പറേഷനിൽ ഇല്ല.

തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ മറ്റു തദ്ദേശസ്ഥാപനങ്ങളെല്ലാം മാലിന്യത്തിൽ നിന്നു വരുമാനം നേടുന്നുണ്ട്. എന്നാൽ ഇവിടെ സാമ്പത്തിക നേട്ടമില്ലെന്നു മാത്രമല്ല മാലിന്യ സംസ്കരണത്തിന്റെ മുഴുവൻ ചുമതലയും ഏറ്റെടുക്കേണ്ടിയും വരുന്നുവെന്ന് മേയർ ചൂണ്ടിക്കാട്ടി. ഇത് തുടരാൻ കഴിയില്ല. മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളെ ഒരേ ഡിവിഷനിൽ തുടരാൻ അനുവദിക്കുന്നത് അഴിമതിക്ക് വളം വയ്ക്കുന്നുവെന്ന കൗൺസിലർമാരുടെ അഭിപ്രായം കണക്കിലെടുത്ത് അവരെ ഇടയ്ക്കിടയ്ക്ക് പുന: ക്രമീകരിക്കാനും തീരുമാനമായി.

വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രെയി​നേജ് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും കൗൺസിൽ തീരുമാനിച്ചു.
സി.എസ്.എം.എൽ റോഡുകൾ സൗന്ദര്യവത്കരിച്ചെങ്കിലും കാനകൾ പണിതതിലെ അപാകത മൂലം അനുഭവപ്പെടുന്ന വെള്ളക്കെട്ട് നഗരത്തിൽ രൂക്ഷമാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. എം. ജിറോഡ്, ഹൈക്കോടതി, മേനക, പ്രസ്‌ക്ലബ് റോഡ് എന്നിവിടങ്ങളിലെ കടകളിലും റോഡിലും വെള്ളംം കയറിയതായി പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. പെട്ടിയും പറയും പ്രവർത്തിച്ചില്ല, കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന അറിയിപ്പു ലഭിച്ചിട്ടും വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നികുതി പരിവ് കാര്യക്ഷമമല്ലെന്ന് യു.ഡി.എഫ് കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ പറഞ്ഞു.