
കൊച്ചി: ഏകീകൃത കുർബാന നടപ്പാക്കൽ, സ്ഥലമിടപാടിലെ 29.51 കോടി രൂപയുടെ നഷ്ടം നികത്തൽ എന്നീ വിഷയങ്ങളിൽ വിശ്വാസികളുടെയും വൈദികരുടെയും നിലപാടുകൾക്കൊപ്പം നിലകൊണ്ട തന്നെ കടുത്ത സമ്മർദ്ദവും ഭീഷണിയും ചെലുത്തി രാജിവയ്പിച്ചതാണെന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ മുൻ അപ്പസ്തോലിക് വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ. വിശ്വാസികളോട് നീതിപുലർത്തിയെന്ന അഭിമാനത്തോടെയാണ് രാജിയെന്ന് അദ്ദേഹം അതിരൂപതാംഗങ്ങൾക്ക് നൽകിയ കത്തിൽ പറഞ്ഞു.
സ്ഥലമിടപാട് വിവാദത്തിൽ കലുഷമായ സാഹചര്യത്തിലാണ് തന്നെ ചുമതല ഏല്പിച്ചത്. മൂന്നു വർഷം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അന്വേഷണ സമിതികൾ 29.51 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു. നഷ്ടം വരുത്തിയവർക്കെതിരെ അതിരൂപത നേരിട്ട് കേസ് കൊടുക്കണമെന്ന ആവശ്യം വന്നെങ്കിലും സഭയ്ക്കുള്ളിൽ പരിഹരിക്കാനാണ് ശ്രമിച്ചത്. സിനഡ് മുതൽ വത്തിക്കാനിൽ വരെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏകീകൃത കുർബാന നടപ്പാക്കാൻ നിർദ്ദേശം ലഭിച്ചപ്പോൾ വിശ്വാസികളഉടെ നിലപാടിനൊപ്പമാണ് നിലകൊണ്ടത്. കൊച്ചിയിലെത്തിയ വത്തിക്കാൻ സ്ഥാനപതി 24 മണിക്കൂറിനകം രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. ഒരാഴ്ച സമയം ചോദിച്ചെങ്കിലും പുറത്താക്കുമെന്ന് അറിയിച്ചു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള സഹനമാണ് താൻ സഹിച്ചതെന്നും കത്തിൽ അദ്ദേഹം പറഞ്ഞു.