mla

കോതമംഗലം: തോരാ മഴയിൽ മണികണ്ടംചാൽ പ്രദേശത്തെ അഞ്ചോളം വീടുകളിൽ വെള്ളം കയറി. റോഡ് വെള്ളത്തിൽ മുങ്ങിയതിനാൽ വാഹന ഗതാഗതവും തടസപ്പെട്ടു. വാർഡ് അംഗം ഡെയ്സി വള്ളത്തിൽ വീടുകളിൽ എത്തിയാണ് മണികണ്ടംചാലിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

മണികണ്ടംചാൽ മാർതോമ പള്ളിയിൽ വെള്ളം കയറിയതിനാൽ പള്ളി നടത്തുന്ന കാർഡ് ലൈഫ് ടു ലൈഫ് പഠന ക്ലാസിലെ നാൽപ്പതോളം കുട്ടികൾക്ക് നൽകുന്നതിനായി കരുതിയിരുന്ന ഭക്ഷണസാധനങ്ങൾ ഉൾപ്പടെ മറ്റൊരിടത്തേക്ക് മറ്റേണ്ടിവന്നു. മഴ തുടരുന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. കഴിഞ്ഞ പ്രളയകാലത്ത് പൂർണമായും വെള്ളത്തിൽ മുങ്ങിയ കേടുപാടുകൾ സംഭവിച്ച നിരവധി വീടുകൾ പുതുക്കിപ്പണിയുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിട്ട് അധികമായില്ല. അതിനാൽ വീണ്ടും വെള്ളം കയറിയാൽ പല വീടുകളും ഇടിഞ്ഞ് വീഴാൻ സാധ്യതയുണ്ട്. താലൂക്കിലെ പല്ലാരിമംഗലം പ്രദേശത്തും നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം റോഡ് ഇടിഞ്ഞ് വാഹന ഗതാഗതം തടസപ്പെട്ടു. ഭൂതത്താൻകെട്ട് വടാട്ടുപാറ റൂട്ടിൽ മരം മറിഞ്ഞുവീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കടവൂർ പുല്ലേലി ജേക്കബിന്റെ ഏത്തവാഴ തോട്ടം പൂർണമായും വെള്ളത്തിൽ മുങ്ങി. ദുരിതബാധിത മേഖലകളിൽ ആന്റണി ജോൺ എം.എൽ.എ, കോതമംഗലം തഹസിൽദാർ, റവന്യു, കൃഷി ഉദ്യോഗസ്ഥർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സന്ദർശനം നടത്തി.