tree

ആലുവ: ആലുവ - കാലടി റോഡിൽ പുറയാർ കവലയിൽ സ്കൂൾ - സ്വകാര്യ ബസുകൾ കടന്നതിന് തൊട്ടുപിന്നാലെ വഴിയരികിലെ ഭീമൻ തണൽമരം കടപുഴകി വീണു. ഭാഗ്യത്തിന് ആളപായം ഒഴിവായി. അഞ്ച് ഇലക്ട്രിക്ക് പോസ്റ്റുകളും ഒടിഞ്ഞതോടെ വൈദ്യുതി ബന്ധം തകരാറിലായി.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഒരാഴ്ച്ച മുമ്പ് പി.ഡബ്ളിയു.ഡി - ഫോറസ്റ്റ് വകുപ്പ് അധികൃതർ സംയുക്ത പരിശോന നടത്തി മരം മുറിക്കേണ്ടതില്ലെന്ന് പഞ്ചായത്തിന് റിപ്പോർട്ട് നൽകിയ മരമാണ് കടപുഴകിയത്. ആവശ്യമെങ്കിൽ മാത്രം ശിഖരങ്ങൾ മുറിക്കാമെന്നായിരുന്നു റിപ്പോർട്ട്.

പൊതുമരാമത്ത് - ഫോറസ്റ്റ് വകുപ്പ് അധികൃതരുടെ അനാസ്ഥയുടെ നേർസാക്ഷ്യമാണ് സംഭവം. ഒരു വർഷത്തോളമായി പരിസരവാസികൾ അപകടാവസ്ഥയിലായ മരം മുറിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയതാണ്. വഴിയരികിലെ മരം മുറിക്കുന്നതിന് പഞ്ചായത്ത്, പി.ഡബ്ളിയു.ഡി, ഫോറസ്റ്റ്, കെ.എസ്.ഇ.ബി എന്നിവരടങ്ങുന്ന പ്രത്യേക കമ്മിറ്റിയുടെ അംഗീകാരം വേണം. ഇതനുസരിച്ച് സമീപവാസി കഴമത്തിൽ ലളിത പരാതി നൽകി.

പരിസരത്തെ പൊതുപ്രവർത്തകരുടെ കൂടി സഹായത്തോടെ നിരന്തരം സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഒരു മാസം മുമ്പ് പി.ഡബ്ളിയു.ഡി, പഞ്ചായത്ത് അധികൃതർ ജെ.സി.ബി ഉൾപ്പെടെയുള്ള സാധനങ്ങളുമായി മരം മുറിക്കാനെത്തിയപ്പോൾ കെ.എസ്.ഇ.ബി പണിമുടക്കി. പോസ്റ്റിലെ കേബിളുകൾ നീക്കാത്തതിനാൽ വൈദ്യുതി ലൈൻ ഓഫ് ചെയ്തില്ല. ഇതേതുടർന്ന് മരം മുറിക്കാതെ മടങ്ങി. ഇതിനിടയിൽ സമീപം പുതിയ കെട്ടിടം നിർമ്മിച്ചയാളെ സഹായിക്കാനാണ് മരം മുറിക്കുന്നതെന്ന് പറഞ്ഞ് അധികാരികൾ വീണ്ടും ഉൾവലിഞ്ഞു. തുടർന്നാണ് പി.ഡബ്ളിയു.ഡി - ഫോറസ്റ്റ് ഉദ്യോഗസ്ഥർ മരം മുറിക്കേണ്ടതില്ലെന്ന് റിപ്പോർട്ട് നൽകിയത്.

ആലുവ - മലയാറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ജോർജ് ബസും ആലുവ സി.എസ്.ഐ കരുണാലയത്തിലെ ബസുമാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മഴയായതിനാൽ റോഡിൽ ആളില്ലാതിരുന്നതും ദുരന്തമൊഴിവാക്കി.